
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിച്ച ചരിത്രമുള്ള കോണ്‍ഗ്രസ് നേതാവ് മമ്ബറം ദിവാകരന് 507 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം.സ്വന്തം നാടായ വേങ്ങാട് പഞ്ചായത്തിലെ 15ാം വാർഡായ മമ്ബറത്തുനിന്നാണ് നേതാവിന്റെ വിജയം. എഴുപത്തിയഞ്ചാം വയസില്‍ ഇത് ആദ്യമായാണ് മമ്ബറം ദിവാകരൻ സ്വന്തം ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടുന്നത്. 839 വോട്ടിനാണ് വിജയം. എല്‍ഡിഎഫിന്റെ പൊന്നമ്ബത്ത് കുമാരന് 332 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് മമ്ബറം.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മമ്ബറം ദിവാകരൻ. നേരത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് മമ്ബറം ദിവാകരന് പാർട്ടി നടപടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും അന്നത്തെ കെപിസിസി പ്രസിഡന്റുമായ കെ സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

1987 കാലഘട്ടത്തില്‍ കീഴത്തൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 16 വോട്ടിന് തോറ്റ മമ്ബറം ദിവാകരൻ 1995ല്‍ ഇരിക്കൂരില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് 1400 വോട്ടിന് വിജയിച്ചു കയറി. എന്നാല്‍ പിന്നീട് രണ്ട് തവണയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല.
എല്‍ഡിഎഫിന്റെ കുത്തക പഞ്ചായത്തായ വേങ്ങാട് ഇത്തവണ യുഡിഎഫ് വലിയ മുന്നേറ്റമാണ് തീർത്തത്. 23 വാർഡുകളില്‍ ഏഴ് എണ്ണത്തില്‍ യുഡിഎഫ് വിജയിച്ചു. 2020ല്‍ ആകെയുള്ള 21 വാർഡില്‍ 17 വാർഡുകള്‍ എല്‍ഡിഎഫും നാല് വാർഡ് യുഡിഎഫിനുമായിരുന്നു.
