
കോഴിക്കോട്: യുഡിഎഫുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വെല്‍ഫെയർ പാർട്ടി. യുഡിഎഫുമായി തുടർചർച്ചകള്‍ നടക്കുമെന്നും രാഷ്ട്രീയമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു.ഇക്കാര്യത്തില്‍ യുഡിഎഫുമായി തുടർചർച്ചകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫുമായി കൈകോർത്തുവെന്നും റസാഖ് പാലേരി പറഞ്ഞു. പ്രാദേശിക നീക്കുപോക്കുകള്‍ ഉണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവയില്‍ത്തന്നെ യുഡിഎഫുമായാണ് ഏറ്റവും കൂടുതല്‍ പ്രാദേശിക നീക്കുപോക്കുണ്ടായത്. അത്തരം ഇടങ്ങളില്‍ തങ്ങള്‍ വിജയിച്ചിട്ടുണ്ട്, ചിലയിടങ്ങളില്‍ യുഡിഎഫും വിജയിച്ചിട്ടുണ്ട്. വെല്‍ഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വ്യക്തമായി സംസാരിച്ചിട്ടുണ്ട്. മത്സരിക്കാത്തയിടങ്ങളില്‍ പോലും യുഡിഎഫിനാണ് പ്രവർത്തകർ വോട്ട് ചെയ്തതെന്നും റസാഖ് പാലേരി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി കൈകൊടുക്കാനുള്ള സാധ്യതയും റസാഖ് പാലേരി തള്ളിക്കളഞ്ഞില്ല. നിയമസഭയിലെ കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. തുടർചർച്ചകള്‍ നടക്കും. തങ്ങള്‍ യുഡിഎഫിന്റെ ഭാഗമല്ല. പക്ഷെ മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നത് തങ്ങളുടെ ലൈനാണ്. സിപിഐഎമ്മുമായാണ് ഇത് ആദ്യം പ്രയോജനപ്പെടുത്തിയത്. 2015ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സിപിഐഎമ്മുമായി ധാരണയിലായിരുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
