സിവില്‍ സര്‍വീസിനെ അവഗണിച്ച സംസ്ഥാന ബജറ്റ് തള്ളിക്കളയുക : കെ ജി ഒ യു
മലപ്പുറം : പതിനെന്നാം ശമ്പള പരിഷ്‌ക്കരണത്തിനും കുടിശ്ശികയായ ക്ഷാമബത്തക്കും മതിയായ തുക വകയിരുത്താത്ത സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിരാശജനകമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളും സ്വജനപക്ഷപാതപരമായ നിലപാടുകളും കേരള സിവില്‍ സര്‍വീസിനെ തകര്‍ക്കുമെന്ന് യോഗം കുറ്റപ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാരുടെ ആവശ്യങ്ങള്‍ നിഷേധിക്കുക മാത്രമല്ല, പക്ഷപാതപരമായ നിലപാടുകളിലൂടെയും അന്യായമായ സ്ഥലംമാറ്റങ്ങളിലൂടെയുമൊക്കെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മവീര്യം കെടുത്തുകയാണ് ചെയ്യുന്നത്. പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ ജീവനക്കാരെ മാത്രമല്ല, പൊതു സമൂഹത്തേയും വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ താമസിപ്പിക്കുന്നത് തികച്ചും വഞ്ചനയാണ്. ക്ഷാമബത്ത കുടിശ്ശികയും , ലീവ് സറണ്ടര്‍ , ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയവയൊന്നും നല്‍കാന്‍ സര്‍ക്കാറിനായില്ല. ഇതിന്റെയെല്ലാം ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാനാണ് ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ചെയ്തതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ജില്ലാ സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ മുഹമ്മദ് കുഞ്ഞി, അഡ്വ. വി എസ് ജോയി, കെ സി സുബ്രഹ്മണ്യന്‍, ബീന പൂവ്വത്തില്‍ , വി എം ഷൈന്‍, ഷിബു ചാക്കോ, സി വിഷ്ണുദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡോ. ബാബു വര്‍ഗ്ഗീസ് സ്വാഗതവും കെ പി പ്രശാന്ത് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. വിമലന്‍ ഉദ്ഘാടനം ചെയ്തു. കെ ദേവകി, പി. രാജേന്ദ്രന്‍, പി ബാബു എന്നിവര്‍ സംസാരിച്ചു.
സംസ്‌കാരിക സമ്മേളനത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഫാസിസ്റ്റ് നിലപാടുകളും എന്ന വിഷയത്തില്‍ പി. ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി. ടി മുരളി ,കെ സുധീര്‍, വി പി ദിനേശ് എന്നിവര്‍ സംസാരിച്ചു.
സംഘടനാ ചര്‍ച്ചക്ക് സംസ്ഥാന ജന. സെക്രട്ടറി ഡോ. മനോജ് ജോണ്‍സണ്‍ നേതൃത്വം നല്‍കി. ബെന്‍സി ജോസഫ്, എ കെ അഷ്‌റഫ്, പി ടി അബ്രഹാം, ഹാറൂണ്‍ റഷീദ്, ഷാജു പി ബി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഡോ. ബാബു വര്‍ഗ്ഗീസ് (പ്രസിഡന്റ്), പി. രാജേന്ദ്രന്‍, പി ബാബു ( വൈസ് പ്രസിഡന്റുമാര്‍), കെ പി പ്രശാന്ത് ( സെക്രട്ടറി), ടി മുരളി, എ കെ അഷ്‌റഫ് ( ജോ. സെക്രട്ടറിമാര്‍), കെ ദേവകി ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.