തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നും വിമാന സര്‍വിസുകള്‍ തടസ്സപ്പെടും. ചില വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ തുടര്‍ച്ചയായി തടസ്സപ്പെടാന്‍ ഇടയുണ്ടെന്നും കാഴ്ചപരിധി കുറയുന്നത് റോഡ് ഗതാഗതത്തെയും റെയില്‍ ഗതാഗതത്തെയും ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശത്തില്‍ അറിയിക്കുന്നു.
ഡല്‍ഹിയില്‍ വായു മലിനീകരണവും ഗുരുതരാവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കാഴ്ചപരിധി പൂജ്യം വരെ താഴുമ്ബോള്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുന്ന സ്പെഷലൈസ്ഡ് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന് കീഴിലെ സി.എ.ടി-3 സംവിധാനത്തിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍ സര്‍വിസുകള്‍ രണ്ട് ദിവസമായി നടന്നത്.

മൂടല്‍മഞ്ഞിനോടൊപ്പം വായു മലിനീകരണം രൂക്ഷമായതും ജനജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 387 രേഖപ്പെടുത്തി. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളും പ്രായമായവരും രോഗികളും കഴിവതും പുറത്തുപോകാതെ വീട്ടില്‍തന്നെ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പരമാവധി താപനില 16.9 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു – സാധാരണയേക്കാള്‍ 5.3 ഡിഗ്രി താഴെയും സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതവുമാണ് ഇത്. ഒരു തണുത്ത ദിവസത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരുന്നു ഇത്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) രാത്രി 11 മണിക്ക് 410 ആയി ഉയര്‍ന്നിരുന്നു.

രാവിലെ 9 മണിക്ക് പകര്‍ത്തിയ ഒരു ഉപഗ്രഹ ചിത്രം പ്രതിസന്ധിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. കശ്മീര്‍ താഴ്വര മുതല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ വരെ തുടര്‍ച്ചയായ മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണിത്.
