
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ച് കേരള ചീഫ് സെക്രട്ടറി.ഏകദേശം 25 ലക്ഷത്തോളം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഗുരുതര സാഹചര്യമാണ് കത്തില്‍ കേരളം മുന്നോട്ടുവെക്കുന്നത്.
എന്യുമറേഷൻ ഫോമുകള്‍ സമർപ്പിക്കാനുള്ള സമയം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീട്ടിനല്‍കണം. വിതരണം ചെയ്യാൻ കഴിയാത്ത ഫോമുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ട് തുടങ്ങിയ വിഷയങ്ങള്‍ കത്തില്‍ പറയുന്നു.

വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആരും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
