തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

തൃശൂർ/തിരൂർ: ഇന്ത്യയില്‍ മുസ്ലിം ജീവിതം ആദ്യം അടയാളപ്പെടുത്തിയ, ആദ്യ ബാങ്കൊലി മുഴങ്ങിയ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന്റെ മണ്ണിലും വൈദേശികാധിപത്യത്തിന്റെ ഈറനണിയിക്കുന്ന വാഗണ്‍ ട്രാജഡിയുടെ ഓർമകള്‍ പേറുന്ന തിരൂരിന്റെ മണ്ണിലും അലകടലായി സമസ്ത ശതാബ്ദി സന്ദേശ യാത്ര.
ചൊവ്വാഴ്ച ചാവക്കാട്ട് ചുട്ടുപൊള്ളുന്ന വെയില്‍ വകവയ്ക്കാതെ സമസ്തയെ സ്നേഹിക്കുന്ന ജാതിമതഭേതമന്യേയുള്ള ജനം നല്‍കിയ സ്നേഹോഷ്മളമായ സ്വീകരണം സമസ്തയുടെ സംഘശക്തിയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ എട്ടാം കേന്ദ്രമായിരുന്നു തൃശൂരിലെ ചാവക്കാട്.

ചാവക്കാട് നിന്ന് മലബാറിലെ മക്കയെന്ന പേരില്‍ ഖ്യാതി നേടിയ മഖ്ദൂമുമാരുടെ വേരോട്ടമുള്ള പൊന്നാനി വഴി സന്ദേശ യാത്ര ഭാരതപ്പുഴ കടന്ന് അക്ഷര നഗരിയായ തുഞ്ചന്റെ മണ്ണിലെത്തി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ എത്തിയ സയ്യിദുല്‍ ഉലമയെ സ്വീകരിക്കാൻ ആയിരങ്ങളെത്തിയതോടെ തിരൂർ നഗരം ശുഭ്രസാഗരമായി. ദഫ്മുട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും കൊടികളേന്തി പ്രവർത്തകർ ആമില, വിഖായ, ഖിദ്മ വളന്റിയർമാരുടെ സംരക്ഷണ വലയത്തിലാണ് ജിഫ്രി തങ്ങളെയും ജാഥാ അംഗങ്ങളെയും സ്വീകരിച്ച് ആനയിച്ചത്.
ചാവക്കാട് എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദർ മുസ്്ലിയാർ പൈങ്കണ്ണിയൂർ അധ്യക്ഷനായി. എൻ.കെ അക്ബർ എം.എല്‍.എ മുഖ്യാതിഥിയായി. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ശതാബ്ദി സന്ദേശം നല്‍കി. ജാഥാ ഉപനായകൻ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ജാഥാ ഡയറക്ടർ കെ. ഉമർ ഫൈസി മുക്കം, ജാഥാ കോർഡിനേറ്റർ അബ്ദസലാം ബാഖവി വടക്കേകാട്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, അഡ്വ.വി.ആർ അനൂപ്, കെ.എസ് ഹംസ സംസാരിച്ചു.

ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, നൗഷാദ് ബാഖവി ചിറയിൻകീഴ് വിഷയാവതരണം നടത്തി. സ്വാഗതസംഘം വർക്കിങ് ചെയർമാൻ അബൂബക്കർ ഫൈസി ചെങ്ങമനാട് സ്വാഗതവും സിദ്ദീഖ് ഫൈസി മങ്കര നന്ദിയും പറഞ്ഞു. സമസ്തയെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനവും കേരള ഖിസ്സപ്പാട്ട് സംഘത്തിന്റെ സീറാ പാരായണവും നടന്നു.
തിരൂർ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ നഗരിയില്‍ മലപ്പുറം വെസ്റ്റ് ജില്ലയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ സമ്മേളനംപാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും ജാഥാ ഉപനായകനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ് ലിയാർ പ്രാർഥന നടത്തി. മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശ ഭാഷണം നടത്തി. എം.പി അബ്ദുസമദ് സമദാനി എം.പി, കുറുക്കോളി മൊയ്തീൻ എം.എല്‍.എ അതിഥികളായി.
ജാഥാ ഉപനായകൻ എം.ടി അബ്ദുല്ല മുസ്ലിയാർ, ജാഥാ ഡയരക്ടർ കെ.ഉമർ ഫൈസി മുക്കം, ജാഥാ കോർഡിനേറ്റർ അബ്ദുസ്സലാം ബാഖവി വടക്കേകാട്, സ്വാഗതസംഘം വർക്കിങ് ചെയർമാൻ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സത്താർ പന്തല്ലൂർ, റശീദ് ഫൈസി വെള്ളായിക്കോട് എന്നിവർ വിഷയാവതരണം നടത്തി. സ്വാഗതസംഘം കണ്‍വീനർ അബ്ദുല്‍ഖാദിർ അല്‍ ഖാസിമി സ്വാഗതവും റാഫി പെരുമുക്ക് നന്ദിയും പറഞ്ഞു.
