
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചു മുതല്‍ ഏഴു വരെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് വരണാധികാരികള്‍ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാൻഡിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ- വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളും കോർപറേഷനുകളില്‍ ധനകാര്യം, വികസനകാര്യം ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളുമാണുള്ളത്.

