
വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അലീസ ഹീലി വ്യക്തമാക്കി. എട്ട് ലോകകപ്പുകള്‍ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയയുടെ ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായിരുന്നു ഹീലി.

35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്‌ട്രേലിയക്കായി കളിച്ചു. വിവിധ ഫോര്‍മാറ്റുകളിലായി 300ലേറെ മത്സരങ്ങള്‍ കളിച്ച അലീസ ഹീലി 7000ല്‍ അധികം റണ്‍സും വിക്കറ്റിന് പിന്നില്‍ 275 പുറത്താകലുകളിലും പങ്കാളിയായി. 2022ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 170 റണ്‍സടിച്ച് ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഹീലി റെക്കോര്‍ഡിട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും(126) വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ(148)ഹീലിയുടെ പേരിലാണ്.
ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഹീലി വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പെ വിരമിക്കാന്‍ തയാറായിരുന്നുവെന്നും ഹീലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2023ല്‍ മെഗ് ലാനിങിന്റെ പിന്‍ഗാമിയായാണ് അലീസ ഹീലി ഓസീസ് ടീമിന്റെ ക്യാപ്റ്റനായത്. ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും അടങ്ങുന്ന പരമ്പരയിലാണ് ഹീലി അവസാനമായി ഇന്ത്യക്കായി കളിക്കുക. ഓസ്ട്രേലിയന്‍ പുരുഷ ടീം അംഗം മിച്ചല്‍ സ്റ്റാര്‍ക് ആണ് ഹിലിയുടെ ഭര്‍ത്താവ്.
