നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ‘സര്‍വ്വം മായ’

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. ഹൊറര്‍ കോമഡി ജോണറില്‍ പെടുന്ന ചിത്രമാണെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്റിമെന്റ്സിനും പ്രാധാന്യമുള്ള ചിത്രമാണ് ഇത്. അഖില്‍ സത്യന് സംവിധാനം ചെയ്ത ചിത്രം ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ കൈയടികളിലേക്ക് നിവിന്‍ പോളിയുടെ തിരിച്ചുവരവ് കൂടിയായി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നത് ഇപ്പോഴും തുടരുകയാണ്.

റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രമാണിത്. അതോടെ ക്രിസ്മസ് വിന്നറായി മാറിയിരുന്നു ഈ അഖില്‍ സത്യന് ചിത്രം. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രവുമായി സര്‍വ്വം മായ. 19 ദിനങ്ങള്‍ക്കിപ്പുറം (ഇന്നലെ വരെ) ചിത്രം മറ്റൊരു പ്രധാന ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 125 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ തന്നെ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് അനുസരിച്ച് ചിത്രം ഇന്നലെ വരെ നേടിയിരിക്കുന്നത് 130.5 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ഇതോടെയാണ് മലയാളത്തിലെ ഓള് ടൈം ഹയസ്റ്റ് 10 ലേക്ക് ചിത്രം എത്തിയത്.
പത്താം സ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ പിന്തള്ളിയാണ് സര്‍വ്വം മായ പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 129 കോടി ആയിരുന്നു സര്‍വ്വം മായയയുടെ ലൈഫ് ടൈം ഗ്രോസ്. അതേസമയം റിലീസിന് ശേഷമുള്ള മൂന്നാമത്തെ തിങ്കളാഴ്ചയായ ഇന്നലെയും ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. സാക്നില്‍കിന്റെ തന്നെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇന്നലെ നേടിയ നെറ്റ് 1.1 കോടിയാണ്. അതിനാല്‍ത്തന്നെ ബോക്സ് ഓഫീസില്‍ ചിത്രം ഇനിയും എത്ര മുന്നോട്ട് പോകും എന്നത് പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. മോളിവുഡിന്റെ ഓള് ടൈം ടോപ്പ് 10 ലിസ്റ്റില്‍ 9-ാം സ്ഥാനത്ത് പ്രേമലു ആണ്. 136.25 കോടിയാണ് ചിത്രത്തിന്റെ ലൈഫ് ടൈം ഗ്രോസ്.

