ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു; 3 യുവാക്കള്‍ പിടിയില്‍

എറണാകുളം വരാപ്പുഴയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കാസര്‍ഗോഡ് ഉപയോഗിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്. കാസര്‍ഗോഡ് പുത്തൂര്‍ ഇഷാം മന്‍സിലില്‍ മുഹമ്മദ് ഇഷാം (ഷമീഹ് 22), തൃശൂര്‍ ചാവക്കാട് മണത്തല മാത്രംകോട്ട് അമല്‍ (24), ചേര്‍ത്തല ത്രിച്ചാട്ടുകുളം കൊല്ല പറമ്പില്‍ വീട്ടില്‍ അന്‍സില്‍ (23) എന്നിവരാണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്.

വരാപ്പുഴ ചേരപ്പാടം ഭാഗത്തുള്ള സുഫിലിന്റെ വീട്ടില്‍ നിന്നും ഡിസംബര്‍ 9ന് രാത്രിയാണ് അമലും അന്‍സിലും ചേര്‍ന്ന് വീടിന്റെ പോര്‍ച്ചില്‍ പാര്‍ക് ചെയ്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്ക് മോഷ്ടിച്ചത്. മോഷണത്തിന് രണ്ട് ദിവസം മുന്‍പ് സ്പെയര്‍ കീ കൈക്കലാക്കിയ പ്രതികള്‍ അതുപയോഗിച്ചാണ് മോഷണം നടത്തിയത്. മറ്റൊരു കീ ഉണ്ടായിരുന്നതിനാല്‍ ഉടമ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.
മോഷണ ശേഷം ഇടനിലക്കാരന് വഴി ബൈക്ക് ഇഷാമിന്റെ കൈവശം എത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മോഷണം പോയ ബൈക്കുമായി ഇഷാം കാസര്‍കോട് യാത്ര ചെയ്യുന്നതിനിടെ ഒരു ടീച്ചറുടെ വാഹനത്തില്‍ ഇടിക്കുന്നത്. അപകട ശേഷം നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

