ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷമായി.

ജനുവരി 16 മുതലുള്ള കണക്കാണിത്. ആറ് ദിവസത്തിനിടെ മാത്രം 10 ലക്ഷം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

ന്യൂഡൽഹി: ആറ് ദിവസത്തിനിടെ 10 ലക്ഷം വാക്സിനേഷന്‍ എന്നത് അമേരിക്കയുടെയും യുകെയുടെയും കണക്കിനേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ബ്രിട്ടണ്‍ 18 ദിവസവും അമേരിക്ക 10 ദിവസവുമെടുത്തു. കോവിഡ് വാക്സിനേഷന് ശേഷം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ശനിയാഴ്ച മാത്രം 6957 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. കോവിന്‍ ഡാറ്റ ബേസ് പരിഷ്കരിച്ചതും വാക്സിനേഷന്‍ കൂടാന്‍ കാരണമായി. ഇതിലൂടെ നേരത്തെ സമയം അനുവദിച്ച് അറിയിപ്പ് ലഭിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വോക്- ഇന്‍ വാക്സിനേഷന്‍ സാധ്യമാണ്.

ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യാനും തുടങ്ങി. 2 മില്യണ്‍ ഡോസ് നല്‍കിയതിന് ബ്രസീല്‍ പ്രധാനമന്ത്രി

ബോല്‍സനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് ബാധിച്ചത് ബ്രസീലിനെയാണ്. ദക്ഷിണാഫ്രിക്ക, മൊറോകോ, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യും.