മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
പാലക്കാട്> ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. 1949 ല്‍ 23-നാം വയസ്സില്‍ വിവാഹിതനായി. ഭാര്യ പട്ടാമ്പി ആലമ്പിള്ളി മനയിൽ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്. സഹോദരൻ അക്കിത്തം നാരായണൻ പാരിസിൽ താമസിക്കുന്ന പ്രശസ്തനായ ചിത്രകാരനും ശില്പിയും ആണ്.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.