ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കോഴിക്കോട്: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പേരാമ്പ്ര സ്വദേശിയും ഖത്തറിൽ ജോലി ചെയ്യുന്നയാളുമായ അജ്‌നാസിനെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.

ദേശീയ ബാലിക ദിനത്തില്‍ ‘എന്റെ മകള്‍ എന്റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് എന്നയാള്‍ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടത്. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പൊലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേ വ്യക്തിഹത്യ നടക്കുമ്പോള്‍ നടപടി എടുക്കാന്‍ പൊലീസിന് മടിച്ചു നിൽക്കുകയാണെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചിരുന്നു.

സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം ആയിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും 8000ത്തില്‍ അധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ആശംസകള്‍ അറിയിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, അധിക്ഷേപ സ്വഭാവമുള്ള കമന്റുകളും ഇതിലുണ്ട്.

 

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

 

 

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബി ജെ പിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.

 

ബി ജെ പി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പൊലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.

 

 

ബി ജെ പി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല.