
വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ്.

മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടു. കേരള അതിര്‍ത്തിവരെ ആംബുലന്‍സുകള്‍ക്ക് തമിഴ്നാട് പൊലീസ് അകമ്പടിയുണ്ടായി. നിലവില്‍ ആംബുലന്‍സുകള്‍ കേരളത്തിലേക്ക് പ്രവേശിച്ചു. പൊള്ളാച്ചി – വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്.
മൃതദേഹങ്ങള്‍ 8.30ഓടെ പാങ്ങ് ഹയര്‍സെക്കന്ററി സ്കൂളിലെത്തിക്കും. ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടക്കും. പ്രധാന അധ്യാപിക പുലാമന്തോള്‍ സ്വദേശി അജിതയുടെ സംസ്കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പില്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകന് ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

കൊയമ്പത്തൂര് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള മൂന്ന് പേരും നീരീക്ഷണത്തില്‍ തുടരുകയാണ്. സാജിതയുടെ മകന് ഷഹദിന് (11), ട്രാവലര്‍ ഡ്രൈവര്‍ മുഹമ്മദ് ഫായിസ് (22), സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ചികിത്സയിലുള്ളത്. 48 മണിക്കൂറിന് ശേഷം ഷിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉള്‍പ്പടെ വിവരം തരാം എന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. മലപ്പുറം ഡിഎംഒ നിര്‍ദേശിച്ച പ്രകാരം താഹസില്‍ധാര്‍ ഉള്‍പ്പടെ അഞ്ച് പേരുടെ മെഡിക്കല്‍ സംഘം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയിരുന്നു. പരിക്കേറ്റ 11കാരി മസ്നീന്‍ കോട്ടക്കല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം 5.20നാണ് വാല്‍പ്പാറയില്‍ അപകടം നടന്നത്. മിനിവാന്‍ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനം പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വാഹനം പൂര്‍ണമായും തകര്‍ന്നു. പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.
പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകര്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ദുരന്തമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവന് നഷ്ടമാകുകയായിരുന്നു. പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, മജീദ്, ഷക്കീല, സുഹറയുടെ മകന് ഹിഷാം, മജീദിന്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത എന്നിവരാണ് മരിച്ചത്.
