രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ഒഴിവാക്കണം; നിർദേശങ്ങൾ ഇങ്ങനെ.
പൊതുസ്ഥലങ്ങളിൽ നാളെ മുതൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളിൽ ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, മാസ്ക് ധരിക്കുന്നതിലും വീഴ്ചയുണ്ടാക്കി. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകൾ കുറയ്ക്കുന്നതിന്റെ ഭഗമായി സംസ്ഥാനത്ത് നാളെ മുതൽ പൊലീസ് നീരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും.
ജനങ്ങൾ കൂടുതൽ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്ട്രൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. നാളെ രാവിലെ മുതൽ ഫെബ് 10 വരെ പൊതു സ്ഥലങ്ങളിൽ പരിശോധന നടത്തും. 25,000 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിക്കും.
രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങുകൾ തുറസയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ച് നടത്തണം. വിവാഹ ചടങ്ങുകളിൽ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും ഇതിനായി ഹാൾ ഉടമകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി യാത്ര നിരോധിക്കുന്നില്ലെങ്കിലും പത്ത് മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ടെന്നും നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോൾ കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന ചിന്ത ജനങ്ങളിൽ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം കൊവിഡിനെതിരെ മാതൃകാപരമയാണ് പൊരുതുന്നത്. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയേ കൊവിഡിനെ മറികടക്കാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.