പള്ളി തർക്കത്തിലെ യാഥാർത്ഥ്യം എല്ലാ സമുദായ നേതാക്കളേയും ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാണക്കാട് സന്ദർശനം
മലപ്പുറം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലങ്കര ഓർത്തഡോക്സ് സഭയുടെ നേതാക്കളും പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം പാണക്കാട് എത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ഈ സമയം പാണക്കാട് തറവാട്ടിലുണ്ടായിരുന്നു. മുല്ലപ്പള്ളി മടങ്ങിയ ശേഷമാണ് മെത്രാപ്പോലീത്തമാരായ ഡോ ഗീവർഗീസ് മാർ യൂലിയോസ്,ഡോ. യാക്കോബ് മാർ ഐറെനിയോസ് എന്നിവർ എത്തിയത്.
പള്ളി തർക്കത്തിൽ മുസ്ലീംലീഗിൻ്റെ പിന്തുണ ഉറപ്പാക്കാനായാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത് എന്നാണ് സൂചന. പള്ളി തർക്കത്തിലെ യാഥാർത്ഥ്യം എല്ലാ സമുദായ നേതാക്കളേയും ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഗീവർഗീസ് മാർ യൂലിയോസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള എ വിജയരാഘവൻ്റെ പ്രസ്താവന അസംബന്ധമാണെന്ന് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാണക്കാട് കുടുംബം രാജ്യത്തിൻ്റെ മതേതത്വത്തിന് നൽകിയ സംഭാവകൾ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം ലീഗ് പ്രവർത്തകൻ പാണ്ടിക്കാട് വച്ച് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച അദ്ദേഹം ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി സിപിഎം അണികളോട് ആഹ്വാനം ചെയ്യണമെന്നും ആക്രമണം ഭീരുവിൻ്റെ രീതിയാണെന്നും പറഞ്ഞു. ലീഗ് നേതാക്കളെ കണ്ട ശേഷം പാണക്കാട് നിന്നും മടങ്ങിയ മുല്ലപ്പള്ളി പിന്നീട് കൊല്ലപ്പെട്ട പാണ്ടിക്കാട്ടെ മുസ്ലീം ലീഗ് പ്രവർത്തകൻ മുഹമ്മദ് സമീറിൻ്റെ വീടും സന്ദർശിച്ചു
കോൺഗ്രസ് നേതാക്കൾ പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ടതിനെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത് എത്തി. മലപ്പുറത്തുകാരനായ എ.വിജയരാഘവന് പാണക്കാട് കുടുംബത്തെയും നിലപാടുകളും അറിയാത്തതല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പാണക്കാട് കുടുംബത്തെ വിമർശിച്ചത്.വിജയരാഘവൻ നിലപാടുകൾ മറക്കരുതെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.