പാഠപുസ്തകങ്ങളുടെ മറവില്‍ കഞ്ചാവ് കടത്ത്
കോട്ടയം: ഏറ്റുമാനൂരിനു സമീപം പാഠപുസ്തകങ്ങളുടെ മറവിൽ 62.5 കിലോ കഞ്ചാവ് കടത്തിയ കേസിൽ നാലുപേർ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. പ്രതികൾക്ക് കഞ്ചാവ് െബംഗളൂരുവിൽ ഏർപ്പാടാക്കി നൽകിയ ചങ്ങനാശ്ശേരി മറ്റം അരിമ്പൂര് ആന്റോ ജോസഫ്(44), ആർപ്പൂക്കര ചെമ്മനംപടി തേക്കിൻ പറമ്പിൽ ഷൈമോൻ എന്ന ഷൈൻ ഷാജി(30), വേളൂർ കൊച്ചുപറമ്പിൽ ഫൈസൽമോൻ(26), അതിരമ്പുഴ പുതുശ്ശേരിൽ വീട്ടിൽ സുബിൻ ബെന്നി(30), എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 2020 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
എൻ. സി.ആർ.ടി.ഇ.യുടെ പാഠപുസ്തകങ്ങൾ കൊണ്ടുവന്ന ലോറിയിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഏറ്റുമാനൂരിൽ വെച്ച് ലോറി പിടികൂടി. വാഹന ഉടമയായ അനന്തു, ഡ്രൈവർ അതുൽ റെജി എന്നിവരെ അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. ആറുപ്രതികൾ കേസിൽ അറസ്റ്റിലായി. നിലവിൽ എക്സൈസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഫൈസൽമോനെ തിരുവനന്തപുരത്തുവെച്ചും മറ്റ് മൂന്നുപേരെ കോട്ടയത്തു വെച്ചുമാണ് പിടികൂടിയത്. എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറൂദ്ദീന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.എസ്.ദിലീപ്കുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ യദു കൃഷ്ണൻ, മിഥുൻ കുമാർ, എക്സൈസ് ഡ്രൈവർ ഉല്ലാസ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.