മേലാറ്റൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ അഞ്ച് വർഷങ്ങളാണ് കടന്നു പോകുന്നതെന്നും ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കണമെങ്കിൽ പൊലീസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഈ ദിശയിൽ മുന്തിയ പരിഗണനയാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാർ നൽകിവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു പറഞ്ഞു.
പൊലീസ് സ്റ്റേഷനുകൾ വൃത്തിയും മനോഹരവും ആയിരിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണ്. വീടും നാടും വൃത്തിയായി സൂക്ഷിക്കുന്ന മലയാളികൾ സർക്കാർ ഓഫീസുകളിൽ അതേ മനോഹാരിത പ്രതീക്ഷിക്കുന്നു. ഇത്തരം മനോഭാവമുള്ളവർ സന്ദർശിക്കുന്ന പൊലീസ് സ്റ്റേഷനുകൾ മനോഹരമായിരുന്നാൽ അത് പരാതിക്കാരന് ആശ്വാസം പകരാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച കെട്ടിടങ്ങൾ തികച്ചും ജനസൗഹൃദമാണെന്നും ഭിന്നശേഷി സൗഹൃദമായ രീതിയിൽ പണികൾ പൂർത്തിയാക്കിയിരിക്കുന്നതെന്നും വളരെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
93 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനുമായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് ബാത്ത് റൂം അറ്റാച്ച്ഡ് ലോക്ക്അപ്പ് റൂമുകളാണ് പൊലീസ് സ്റ്റേഷന്റെ പ്രത്യേകത. എസ്.എച്ച്.ഒ, ക്രൈം എസ്.ഐ, ലോ ആന്‍ഡ് ഓര്‍ഡര്‍ എസ്.ഐ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍, ഓഫീസ് മുറി, വനിത- പുരുഷ പൊലീസുക്കാര്‍ക്കുള്ള ബാത്ത്റൂം അറ്റാച്ഡ് വിശ്രമമുറികള്‍, സി.സി.ടി.എന്‍.എസ് റൂം, ഇന്‍വെസ്റ്റിഗേഷന്‍ മുറികള്‍, സാധനങ്ങളും ആയുധങ്ങളും സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറികള്‍, ഒരു കോണ്‍ഫറന്‍സ് ഹാള്‍, പരാതി നല്‍കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കുന്നതിനായുള്ള മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിലുള്ളത്. ഭിന്നശേഷി സൗഹൃദരീതിയിലാണ് കെട്ടിടം പണിതിരിക്കുന്നത്.
നിലവിലെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുന്‍വശത്താണ് പുതിയ കെട്ടിടം. 2019 ലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. മേലാറ്റൂര്‍, ഏടപ്പറ്റ, വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലായി ആറ് വില്ലേജ് പരിധികളാണ് സ്റ്റേഷനിലുള്ളത്.
മഞ്ഞളാംകുഴി അലി എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി ജിപിമാരായ വിജയ് സാഖറെ, മനോജ് എബ്രാഹാം, ഡിഐജി എസ്. ശ്യാംസുന്ദർ, ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് ഇഖ്ബാൽ, പി.എം. മുസ്തഫ, സഫിയ വലിയാട്ടിൽ,പെരിന്തൽമണ്ണ ഡിവൈഎസ്പി പി.പി.ഷംസ്, മേലാറ്റൂർ എസ്.എച്ച്. ഒ കെ.റഫീഖ്,
വാർഡ് അംഗം വി.ഇ. ശശിധരൻ, കെ.പി.എ ജില്ലാ സെക്രട്ടറി പി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.