കഠ്വ ഫണ്ട് തിരിമറി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ.
കോഴിക്കോട്: യൂത്ത് ലീഗിെൻറ കഠ്വ ഫണ്ട് തിരിമറി സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ. യൂത്ത് ലീഗ് നേതാക്കളുടെ സമീപകാല സാമ്പത്തിക വളർച്ച പരിശോധിക്കണമെന്നും ജലീൽ കോഴിക്കോട്ട് മാധ്യമങ്ങളാട് പറഞ്ഞു.
കഠ്വ ഫണ്ടിന്റെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണം. സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഗൾഫിൽനിന്നുൾപെടെ വൻതോതിൽ പണം പിരിച്ചിട്ടുണ്ട്. മുസ്ലിം ലീഗും യൂത്ത് ലീഗും ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം. കഠ്വ പെൺകുട്ടിയുടെ കുടുംബത്തിന് എത്ര രൂപ നൽകിയെന്ന് വ്യക്തമാക്കണം. പെൺകുട്ടിയുടെ കുടുംബത്തിന് പണം കൈമാറുന്നതിന്റെ ഫോട്ടോ മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക പത്രത്തിൽ വന്നിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു.
കഠ്വ ഫണ്ട് തിരിമറി പരസ്പര ധാരണയോടെയാണ്. കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗും എം.എസ്.എഫ് നേതൃത്വവും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്‍റെ കണക്ക് ചോദിക്കില്ല, പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നിൽക്കരുതെന്നാണ് ധാരണയെന്നും കെ.ടി. ജലീല്‍ പറഞ്ഞു.