എം.എല്‍.എ പി.വി. അന്‍വറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊങ്കാല.

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊങ്കാല. ഘാനയുടെ പ്രസിഡന്‍റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സംഭവം. പി.വി.അന്‍വര്‍ എം.എല്‍.എയെ കാണാനില്ലെന്നു പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് താന്‍ ആഫ്രികയിലുണ്ടെന്ന മറുപടിയുമായി അന്‍വര്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നതിനും പിന്നാലെയാണ് ഘാന പ്രസിഡന്‍റിന്‍റെ പേജില്‍ പച്ച മലയാളത്തില്‍ അന്‍വറിനെ ട്രോളിക്കൊണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ പൊങ്കാല നടക്കുന്നത്. സേവ് പി.വി.അന്‍വര്‍, അംബുട്ടിനെ തിരിച്ചു താ, ഞങ്ങളുടെ സഖാവ് അമ്പര്‍ എം.എല്‍.എ തട്ടിപ്പ് കാരനാണ്, പക്ഷെ അദ്ദേഹത്തെ ഞങ്ങള്‍ക്ക് വിട്ടുതരൂ, ജപ്പാന്‍ ടെക്‌നോളജി പറഞ്ഞുകൊടുക്കാന്‍ പോയ അംബുക്കയെ ബെറുതെ വിടാത്ത ബ്ലഡി മല്ലൂസ് എന്നൊക്കെ വിവിധ രീതികളില്‍ ട്രോളിക്കൊണ്ടുള്ള കമന്‍റുകളാണ് ഘാനയുടെ പ്രസിഡന്‍റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളത്തില്‍ തന്നെ എഴുതി ഇട്ടിട്ടുള്ളത്.

അന്‍വര്‍ എം.എല്‍.എയെ വിട്ടുതരണമെന്ന ആദ്യ കമന്റുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിന് പിന്നാലെ പിന്നീട് കമന്റുകളുടെ പൂരമായിരുന്നു. രണ്ടു ദിവസം മുമ്പിട്ട ഒരു പോസ്റ്റിലാണു കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ കമന്റുമായി എത്തിയത്. തന്നെ കാണാനില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പി.വി.അന്‍വര്‍ എം.എല്‍.എ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ തദ്ദേശസ്വയ ഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോകേണ്ടി വന്നു. നിലവില്‍ ആഫ്രിക്കയിലാണുള്ളതെന്നുമാണ് എം.എല്‍.എ വ്യക്തമാക്കിയത്. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന്‍ എന്ന മാനുവാണ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മറുപടിയാണ് എം.എല്‍.എ നല്‍കിയത് നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയുന്നത് പോലെ ജനപ്രതിനിധി എന്നതിനൊപ്പം ഒരു ബിസിനസ്സുകാരന്‍ കൂടിയാണ് താനെന്നും രാഷ്ട്രീയ പ്രവര്‍ത്തനമല്ല എന്റെ വരുമാനമാര്‍ഗ്ഗം.നിയമസഭാ അംഗം എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സിനേക്കാള്‍ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്ന് എന്നെ വ്യക്തിപരമായി അടുത്തറിയുന്നവര്‍ക്കൊക്കെ കൃത്യമായി അറിയുകയും ചെയ്യാമെന്നും എം.എല്‍.എ പറയുന്നു. പരാതിക്കാരൊക്കെ ഒന്ന് ക്ഷമിക്കണമെന്നും അവിടെ തന്നെ കാണണമെന്നും ഉടന്‍’പാക്കലാമെന്നും പറഞ്ഞാണ് അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്.