വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണയില്‍ വെട്ടത്ത് സിപിഎം ഭരണം; തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായു ധാരണയുണ്ടായതായി വെല്‍ഫെയര്‍പാര്‍ട്ടി

തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വെട്ടം പാഞ്ചായത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണയോടെ സിപിഎമ്മിന് ഭരണം. സിപിഎം 10, രണ്ട് ലീഗ് റിബലുകളുള്‍പ്പടെ യുഡിഎഫ് 9 , വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ വിജയിച്ച ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില. ഇന്ന് നടന്ന പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒമ്പതും എല്‍ഡിഎഫിന് പത്തും വോട്ടുകള്‍ രേഖപ്പെടുത്തി. വാര്‍ഡ് ആറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വെല്‍ഫെയര്‍പാര്‍ട്ടിയുടെ ഷംല സുബൈര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നതോടെ ഭരണം സിപിഎമ്മിന് ലഭിക്കുകയായിരുന്നു. വാര്‍ഡ് 17 ല്‍ നിന്നും തെരഞ്ഞെടുത്ത എല്‍ഡ്എഫ് സ്വതന്ത്രന്‍ നെല്ലാഞ്ചേരി നൗഷാദ് പ്രസിഡന്റായും, വാര്‍ഡ് 5 ല്‍ നിന്നും വിജയിച്ച സിപിഎമ്മിലെ എം രജനി വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നാല്‍പത് വര്‍ഷത്തിന് ശേഷമാണ് വെട്ടത്ത് ലീഗില്‍ നിന്നും സിപിഎം ഭരണം തിരിച്ചു പിടിക്കുന്നത്.

സംസ്ഥാനത്ത് യുഡിഎഫ്-വെല്‍ഫെയര്‍ ബന്ധം സിപിഎം ചര്‍ച്ചയാക്കുന്നതിനിടെയാണ് വെല്‍ഫെയര്‍ പിന്തുണയോടെ സിപിഎം പഞ്ചായത്ത് ഭരണം പിടിച്ചിരിക്കുന്നത്. ജാമാഅത്തേ ഇസ്ലാമിയുടെ പൊളിറ്റിക്കല്‍ ഘടകമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ വാങ്ങില്ലെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് സിപിഎമ്മിനു പിന്തുണ നല്‍കുകയായിരുന്നു.

ഇപ്പോള്‍ വെട്ടം പഞ്ചായത്തില്‍ ഇടത് ഭരണം കിട്ടാന്‍ ഇടയാക്കിയത് തങ്ങളുടെ വോട്ടുകൊണ്ടാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎമ്മുമായി ജെന്റില്‍മാന്‍ എഗ്രിമെന്റുണ്ടെന്നും വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അതേസമയം വെല്‍ഫെയര്‍ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ ധ്വംസനമാണെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വെല്‍ഫെയര്‍പാര്‍ട്ടി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടി അല്ലാതാവുകയും യുഡിഎഫിനെ സഹായിക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയും ആകുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചുള്ള സിപിഎമ്മിന്റെ ഈ വിജയത്തിന് ജനങ്ങളുടെ മുന്നില്‍ മറുപടി പറയണമെന്നും പഞ്ചായത്ത് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.