നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് മുസ്‌ലിംലീഗ്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി മെയ് വരെ നിലനില്‍ക്കെയാണ് മുസ്‌ലിംലീഗിന്റെ ആവശ്യം. റമസാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

യുഡിഎഫിനു പുറമെ എല്‍ഡിഎഫും ഇതേ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചിരുന്നു.

ഏപ്രില്‍ എട്ടിനും 12നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടത്. ഏപ്രില്‍ 13 മുതല്‍ മെയ് 11 വരെ റമസാനും ഏപ്രില്‍ നാലിന് ഈസ്റ്ററും 14ന് വിഷുവും ആണെന്നത് പരിഗണിച്ചാണിത്. മലപ്പുറം ലോക്‌സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നടത്താന്‍ മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍, അഡ്വ. മുഹമ്മദ് ഷാ, കെഎസ് ഹംസ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.