നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം.
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.
രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്ന് പോകുന്നത്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങളും ടോൾ പ്ലാസകളിൽ ഒരുക്കണം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 2021 ഏപ്രിൽ ഒന്നു മുതൽ തേർഡ് പാർട്ടി ഇൻഷുറൻസിനും ഫാസ്ടാഗ് നിർബന്ധമാണ്.
റേഡിയോ ഫ്രീക്വിന്‍സ് ഐഡന്‍റിഫിക്കേഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ ടോള്‍ പ്ലാസ കടക്കുമ്പോള്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടും. ഇതോടെ ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ട നിര ഇനി കാണാനാവില്ല.ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും.