കൂട്ടായിയിൽ ജുമുഅ നിസ്ക്കാരത്തിന് ശേഷം സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു
തിരൂർ: കൂട്ടായിയിൽ ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവർ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. നോർത്ത് കൂട്ടായി റാത്തീബ് ജുമാമസ്ജിദിൽ നിന്നും നിസ്ക്കാര ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പുറത്തിറങ്ങിയ കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി ,മൂസാൻ്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർ തമ്മിലാണ് സംഘർഷമുണ്ടായത്. മുൻവൈരാഗ്യം സംഘർഷത്തിലെത്തുകയായിരുന്നു. പള്ളി ഖബർസ്ഥാനിൽ വച്ചാണ് സംഭവം. വാക്കു തർക്കത്തിനു ശേഷം ഒരാൾ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടനെ കത്തി കൈക്കലാക്കി തിരിച്ചും കുത്തുകയായിരുന്നു. കത്തിക്കുത്തിൽ പരുക്കേറ്റു രണ്ടു പേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
കൈകൾക്കും പുറകിലും കുത്തേറ്റ അലിക്കുട്ടിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് റാഫിയെ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2018 ഡിസംബറിൽ മുഹമ്മദ് റാഫിയും അലിക്കുട്ടിയും സാമ്പത്തിക തർക്കത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിൽ അലിക്കുട്ടിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഈ വൈരാഗ്യത്തെ തുടർന്ന് 2019 ഫെബ്രുവരിയിൽ മുഹമ്മദ് റാഫിയുടെ സഹോദരൻ ഷൗക്കത്തലി അലിക്കുട്ടിയെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചിരുന്നു. ഇരു സംഭവങ്ങളിലും കേസ് നടന്നു വരുന്നതിനിടെയാണ് വൈര്യം മൂർഛിച്ച് വെള്ളിയാഴ്ച പള്ളിയിൽ നിന്നിറങ്ങി ഇരുവരും തമ്മിൽ കത്തിക്കുത്തിൽ കലാശിച്ചത്.