അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
എണ്ണ-പാചക വാതക വില വർധന മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും ഇത്തവണയെങ്കിലും ഒഴികഴിവ് പറയാതെ പരിഹാരം കണ്ടെത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
“ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസൽ വില കുതിച്ചുയരുന്നത് ദശലക്ഷക്കണക്കിന് കർഷകരുടെ കൂടുതൽ ദുരിതത്തിലാക്കി. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ സാധാരണ വില ആയിരിക്കെയാണ് ഇന്ത്യയിൽ ഇന്ധന വില വർധിപ്പിക്കുന്നത്” -കത്തിൽ ചൂണ്ടിക്കാട്ടി.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില തുടർച്ചയായി 12 ദിവസമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞപ്പോൾ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പെട്രോൾ, ഡീസൽ തീരുവ മൂന്നിരട്ടിയോളം വർധിപ്പിച്ചിരുന്നു. വില റോക്കറ്റ് കണക്കെ കുതിച്ചുയരുേമ്പാഴും ഈ വർധിപ്പിച്ച നികുതി പിൻവലിക്കാൻ പോലും കേന്ദ്രം തയ്യാറാകുന്നില്ല.