വെളിച്ചെണ്ണ വില സർവകാല റെക്കോർഡിൽ
മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയർന്നത്.
കൊച്ചി: കേരളത്തിൽ വെളിച്ചെണ്ണ വില സർവകാല റെക്കോർഡ് തകർത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയർന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വർധിച്ചത്. വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.വലിയ രീതിയിൽ കൊപ്ര സംഭരിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്.
തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ബ്രാന്റഡ് വെളിച്ചെണ്ണകൾ എത്തുന്നത്. ഇവിടെയും വെളിച്ചെണ്ണയ്ക്ക് വില വർധിക്കുന്നതായാണ് റിപ്പോർട്ട്. ഫെബ്രുവരി ആദ്യവാരം തന്നെ വെളിച്ചെണ്ണ ലിറ്ററിന് 200 രൂപ കടന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ വർധനവുണ്ടായി.
ബ്രാൻഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. മറ്റ് എണ്ണകളുമായി ചേർത്ത് വെളിച്ചെണ്ണ വിൽക്കുന്നതിനു ഇപ്പോൾ അനുമതി നൽകുന്നുണ്ട്. ഇത്തരം എണ്ണയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇതോടൊപ്പം പാമോയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. 2017 ഡിസംബറിൽ ആണ് വെളിച്ചെണ്ണയുടെ വില സർവകാല റെക്കോർഡിലെത്തിയത്. 165.50 രൂപയായിരുന്നു ഇതിന് മുൻപ് വെളിച്ചെണ്ണയുടെ വില .