കുറ്റിപ്പുറം വിഷമദ്യക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ.

മഞ്ചേരി: കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി പത്ത് കിലോ കഞ്ചാവുമായി പിടിയിൽ. പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെയാണ് ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പൊലീസും ചേർന്ന് മുട്ടിപ്പാലത്ത് നിന്നും പിടികൂടിയത്.

കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ്

ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ ആറ് പേരെയാണ് കൊണ്ടോട്ടിയിലും മേലാറ്റൂരിൽ നിന്നുമായി ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നാണ് പാലക്കാട് സ്വദേശിയായ ഫിറോസിനെ കുറിച്ച് വിവരം ലഭിച്ചത്.

കഴിഞ്ഞ രണ്ട് ആഴ്ചയായി പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ ജില്ലയിൽ നിന്നും 70 കിലോയോളം കഞ്ചാവാണ് സ്ക്വാഡ് പിടികൂടിയത്. 2010ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിൽ പിടിക്കപ്പെട്ട് ഒരു വർഷത്തോളം ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വിചാരണ നടപടികൾ നേരിടുകയാണ്.

 

ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് ഡി.വൈ.എസ്.പി. പി.പി. ഷംസിന്‍റെ നിർദ്ദേശപ്രകാരം മഞ്ചേരി ഇൻസ്പക്ടർ കെ.പി. അഭിലാഷ്, എസ്.ഐ ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിൻ, ഹരിലാൽ, സലീം എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.