ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍
കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ. തോമസ് മാര്‍ അത്തനാഷ്യോസ് വിശിഷ്ടാതിഥിയായിരുന്നു. ഡിജിസിഎ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലളിത് ഗുപ്ത ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അമേരിക്കയിലെ ഹൂസ്റ്റണിലെ റോക്ക്ലീഫ് ഡ്രില്ലിങ് കമ്പനിയുടമ എബ്രഹാം തോമസായിരുന്നു ഉദ്ഘാടനയാത്രയിലെ ആദ്യ സഞ്ചാരി.
മൂന്നാര്‍, തേക്കടി, അതിരപ്പിള്ളി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ശബരിമല, ഗുരുവായൂര്‍, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവില്‍ ചുരുങ്ങിയ സമയം കൊണ്ട് അനായാസേന പറന്നെത്താന്‍ ഫ്ളൈ അനിമോസ് സൗകര്യമൊരുക്കും. ഇതിന് പുറമേ എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഫ്ളൈ അനിമോസിന്റെ സേവനം ലഭ്യമായിരിക്കുമെന്ന് അനിമോസ് ഏവിയേഷന്‍ വൈസ് പ്രസിഡന്റ് ഷാജി എബ്രഹാം പറഞ്ഞു.
ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബെല്‍ 206, ബെല്‍ 407, എയര്‍ബസ് എച്ച്125, 5 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എയര്‍ബസ് എച്ച്135, 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബെല്‍ 412 എന്നീ മോഡലുകളാണ് ഫ്ളൈ അനിമോസ് അവതരിപ്പിക്കുന്നത്.