ആരോഗ്യകരമായ വിമർശനങ്ങൾ സ്വാഗതാർഹം; അഡ്വ യു.സൈനുദ്ദീൻ
തിരൂർ :മാധ്യമങ്ങളുടെ ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഒപ്പം ഭരണസമിതികളുടെ നല്ല പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. തിരൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാര പ്രദമായ നടപടികളും മതനിരപേക്ഷത കാത്തു സൂക്ഷിക്കാൻ സർക്കാർ മുന്നോട്ടു വന്നതിനാലുമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ തോതിൽ വിജയം നേടിയത്. കോൺഗ്രസ് തോറ്റാൽ അണികൾ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻെറാണ്.കോൺഗ്രസും മുസ്ലീം ലീഗും വർഗ്ഗീയ പാർട്ടികളോട് കൂട്ടു കൂടുന്നു.വർഗ്ഗീയതക്കെതിരായി മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ഇടതുപക്ഷം മുന്നോട്ടുപോവും. വെട്ടം പഞ്ചായത്തിൽ വെൽഫെയർപാർട്ടിയുമായി ഒരു ധാരണയും സിപിഎമ്മിനില്ല.
ഭരിക്കാൻ ആരുടേയും പിന്തുണയും ആവശ്യമില്ല.പല പഞ്ചായത്തുകളിലും യുഡിഎഫും വെൽഫെയർപാർട്ടിയുമായി ഒരുമിച്ചാണ് പ്രവർത്തിച്ചത്.ജയ സാധ്യത മുൻ നിർത്തിയാണ് ഇടതുപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.തിരൂരിലും ജയ സാധ്യതയുള്ള സ്ഥാനാർത്ഥി വരും.മണ്ഡലം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡൻ്റ് റജി നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി റാഫി, ബൈജു അരിക്കാഞ്ചിറ സംസാരിച്ചു.