മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയം; സുപ്രധാന യോഗം വെള്ളിയാഴ്ച പാണക്കാട്
സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര പൂർത്തിയായ ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം.
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉള്ള നിർണായക പാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച ചേരും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാകും സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുക. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ സ്ഥാനാർഥിത്വം ആണ് ഈ തെരഞ്ഞെടുപ്പിൽ ലീഗിനെ സംബന്ധിച്ച് ഏറെ നിർണായകമായ കാര്യം.
മജീദിന് സുരക്ഷിതമായ സീറ്റ് നൽകുകയാണെങ്കിൽ ഒപ്പം മൂന്നുവട്ട നിബന്ധനകൾക്ക് ഇളവും നൽകേണ്ടിവരും. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ എന്നിവർക്ക് ഇളവ് നൽകും പോലെ സർവ സ്വീകാര്യം ആകണം എന്നില്ല ഈ തീരുമാനം. മജീദിന് സീറ്റ് നൽകുകയാണെങ്കിൽ പിവി അബ്ദുൾ വഹാബിന് വീണ്ടും രാജ്യസഭ സീറ്റ് എന്ന ആവശ്യവും ഉയരും. മറിച്ച് ആണെങ്കിൽ കെപിഎ മജീദിന് രാജ്യ സഭ സീറ്റ് നൽകേണ്ടി വരും.. ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കുക എന്നത് തന്നെയാണ് മുസ്ലിം ലീഗിനുള്ളിൽ ഏറെ പ്രാധാന്യമുള്ള കാര്യം.
1980 മുതൽ 1996 വരെ 5 തവണ മങ്കട മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു കെ.പി.എ. മജീദ്. 2001 ൽ മങ്കടയില്‍ മഞ്ഞളാംകുഴി അലിയോടും 2004 ൽ മഞ്ചേരി പാർലമെൻറ് തെരഞ്ഞെടുപ്പിൽ ടികെ ഹംസയോടും പരാജയപ്പെട്ട ശേഷം മജീദ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. 2015 ൽ രാജ്യസഭയിലേക്ക് പരിഗണിച്ചു എങ്കിലും പി വി അബ്ദുൽ വഹാബിനെ ആണ് പാണക്കാട് ഹൈദരലി തങ്ങൾ നിശ്ചയിച്ചത്. അത് കൊണ്ട് തന്നെ ഇത്തവണ കെ.പി.എ. മജീദിന് ന്യായമായ പരിഗണന നൽകണം എന്ന ആവശ്യവും ശക്തമാണ്.
മലപ്പുറം ജില്ലയിൽകൊണ്ടോട്ടി, വള്ളിക്കുന്ന്, കോട്ടക്കൽ, ഏറനാട് തുടങ്ങിയ മണ്ഡലങ്ങളിൽ നിലവിലെ എംഎൽഎമാർ തുടർന്നേക്കും. മഞ്ഞളാംകുഴി അലിയുടെ മണ്ഡലമാറ്റം, തിരൂരങ്ങാടി, തിരൂർ, മഞ്ചേരി, താനൂർ, മങ്കട എന്നിവിടങ്ങളിലെ സ്ഥാനാർഥിത്വം, മലപ്പുറം പാർലമെൻറ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം, വനിത – യൂത്ത് ലീഗ് പ്രാതിനിധ്യം, എംകെ മുനീർ, കെ.എം. ഷാജി തുടങ്ങിയവരുടെ മണ്ഡല മാറ്റം, ഇബ്രാഹിം കുഞ്ഞ്, കമറുദ്ദീൻ തുടങ്ങിയവരുടെ സാധ്യത, പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തോ , വേങ്ങരയോ എന്നതടക്കം ഉള്ള സുപ്രധാന കാര്യങ്ങളിൽ യോഗത്തിൽ തീരുമാനം ഉണ്ടാകും.
കൊണ്ടോട്ടിയിൽ ടിവി ഇബ്രാഹിമും വള്ളിക്കുന്ന് പി അബ്ദുൾ ഹമീദ് മാസ്റ്ററും കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങളും ഏറനാട് പികെ ബഷീറും ആണ് നിലവിലെ ജനപ്രതിനിധികൾ. അബ്ദു സമദ് സമദാനി മലപ്പുറം പാർലമെൻ്റ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയേക്കും.എംകെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് ആണ് മാറാൻ ഉദ്ദേശിക്കുന്നത്. അഴീക്കോട് തന്നെ ആണ് താത്പര്യം എന്നും കാസർകോടേക്ക് പോകുമെന്ന പ്രചരണം തെറ്റ് ആണെന്നും കെ.എം. ഷാജി പറഞ്ഞിട്ടുണ്ട്. എങ്കിലും മണ്ഡല മാറ്റം യോഗത്തിൽ ചർച്ചയായേക്കും. എൻ ഷംസുദ്ദീൻ മണ്ണാർക്കാട് തന്നെ തുടർന്നേക്കും എന്നാണ് സൂചന. വേങ്ങര എംഎൽഎ കെ.എൻ.എ.ഖാദർ ഗുരുവായൂർ സീറ്റിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. പികെ ഫിറോസിന് പുറമെ നജീബ് കാന്തപുരം, പി എം സാദിഖലി, ടി.പി. അഷ്റഫലി തുടങ്ങി നിരവധി യുവ നേതാക്കൾ ആണ് അവസരം പ്രതീക്ഷിക്കുന്നത്.
സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര പൂർത്തിയായ ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം. ശനിയാഴ്ച ആണ് സൗഹൃദസന്ദേശ യാത്രയുടെ സമാപനം