ലീഗിനോട് സലാം പറഞ്ഞ് കെ പി മുഹമ്മദ് മുസ്തഫ ഇടതിനൊപ്പം
മലപ്പുറം: മലപ്പുറം നഗരസഭാ മുൻ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫ ഹരിത രാഷ്ട്രീയം വിട്ട് ഇടതുപക്ഷത്തോട് അടുക്കുന്നു. മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ചാണ് മുസ്തഫ നഗരസഭാ കൗൺസിലറും പിന്നീട് മലപ്പുറം നഗരസഭാ ചെയർമാനുമായത്. രണ്ടായിരത്തി രണ്ടു മുതൽ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ഉള്ള മുസ്തഫ ഇടതുപാളയത്തിലേക്ക് എത്തുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷത്തിന് മേൽക്കൈയുള്ള പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിൽ മുസ്തഫ മത്സരിക്കുമെന്നാണ് സൂചനകൾ.
മുസ്തഫയുടെ നിലപാടുമാറ്റം ലീഗ് നേതൃത്വത്തെ വെട്ടിൽ ആക്കിയിട്ടുണ്ട്. പിണറായി വിജയന്റെ ഭരണത്തിൽ ആകൃഷ്ടനായാണ് ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നത് എന്നാണ് മുസ്തഫയുടെ ഫേസ്ബുക്ക് വിശദീകരണം.
‘സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈ
ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു. ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാൻ ഒരു അച്ഛനെ പോലെ അദ്ദേഹം നമ്മുടെ കൂടെ നിന്ന് നമ്മെ നയിച്ചു’വെന്ന് മുസ്തഫ ഫേസ്ബുക്കിൽ കുറിച്ചു.