സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് വനിതാദിനത്തിൽ വേങ്ങരയിൽ വനിതാ പ്രതിഷേധസംഗമം
വേങ്ങര: കഴിഞ്ഞ 5 മാസമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ എന്ന മാധ്യമ പ്രവർത്തകനെ മോചി പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വേങ്ങരയിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8 ന് വനിതാ പ്രതിഷേധ സംഗമം സംഘടിപ്പിക്കു മെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുപിയിലെ ഹത്രാസിൽ ക്രൂര പീഡനങ്ങൾക്ക് വിധേയമായ പെൺകുട്ടിയെ കുറിച്ചു യഥാർത്ഥ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയാണ് സിദ്ദിഖ് കാപ്പൻ മറ്റ് നാലു സുഹൃത്തുക്കളോടൊപ്പം കാറിൽ അങ്ങോട്ട് പോയത്. ഹത്രാസിൽ എത്തുന്നതിനു മുമ്പ് തന്നെ യുപിയിലെ മഥുരയിൽ വച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു അറസ്റ്റിനു ശേഷം യുഎപിഎ പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തിയാണ് യുപി പോലീസ് സിദ്ധീഖിനു എതിരെ കേസെടുത്തിരിക്കുന്നത്.
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് എതിരെയുള്ള ശക്തമായ വെല്ലുവിളിയാണ്. കഴിഞ്ഞ എട്ടു വർഷമായി മാധ്യമപ്രവർത്തനവുമായി ഡൽഹിയിൽ കഴിയുന്ന കാപ്പൻ തേജസ്, മംഗളം, വീക്ഷണം, തൽസമയം എന്നീ പത്രങ്ങളിലും അവസാനം അഴിമുഖം ഓൺലൈനിലും ലേഖകൻ ആയി ജോലിചെയ്തുവരികയായിരുന്നു.
സുപ്രീം കോടതിയിൽ കഴിഞ്ഞ നാലുമാസമായി സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അനിശ്ചിതമായി നീട്ടി വെക്കുന്ന അവസ്ഥയാണുള്ളത്. യു പി പോലീസ് നിരന്തരം അദ്ദേഹത്തിനെതിരെ കള്ളക്കഥകൾ നിർത്തി ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമം പരാജയപ്പെടുത്തുകയാണ്. സിദ്ദീഖ് കാപ്പനെതിരെ എടുത്ത മുഴുവൻ കേസുകളും റദ്ദാക്കി അദ്ദേഹത്തെ മോചിപ്പിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കേരളത്തിലെ പൊതു സമൂഹം ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തമായി രംഗത്ത് വരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വനിതാ ദിനത്തിൽ നടക്കുന്ന വനിതാ പ്രതിഷേധ സംഗമം പരിപാടിയിൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന, ഊരകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂനത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സെമീറ പുളിക്കൽ, മഞ്ചേരി എൻഎസ്എസ് കോളേജ് പ്രൊഫസർ ഹരിപ്രിയ, സുലൈഖ മജീദ്, ഷക്കീല ടീച്ചർ, ആരിഫ ടീച്ചർ, ഹബീബ് ഉസ്മാൻ, ഇ സി ആയിഷ, സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കണ്ണമംഗലം പഞ്ചായത്ത് അംഗം സെലീന താട്ടയിൽ, ആരിഫ ടീച്ചർ, റൈഹാനത്ത് സിദ്ദീഖ്, കെ പി ഒ റഹ്മത്തുള്ള, ഹാറൂൺ കാവനൂർ, ഹബീബ കാപ്പൻ എന്നിവർ പങ്കെടുത്തു