എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധപ്പെടുത്തി

ധ്രുവീകരണ രാഷ്ട്രീയത്തെ തുറന്നു കാട്ടി എസ്.ഡി.പി.ഐ സംസ്ഥാനത്ത് കരുത്ത് തെളിയിക്കും: പി അബ്ദുല്‍ മജീദ് ഫൈസി

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന ‘ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സവിശേഷമായൊരു രാഷ്ട്രീയാന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. മുമ്പൊക്കെ തിരഞ്ഞെടുപ്പ് അടുത്താല്‍, കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് സംസ്ഥാനം വേദിയാകുമായിരുന്നു. വിവിധ പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയ-നിലപാടുകളും വികസനത്തോടുള്ള കാഴ്ചപ്പാടുകളുമൊക്കെയായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. നിലവിലുള്ള സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണമികവും വീഴ്ചകളും അഴിമതിയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലെ മുന്‍ഗണനകള്‍ മാറിമറിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍, പ്രകടന പത്രിക, തിരഞ്ഞെടുപ്പ് പ്രഭാഷണങ്ങള്‍, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള യാത്രകള്‍ തുടങ്ങിയവയെല്ലാം മതേതര കാഴ്ചപ്പാടിലൂടെയല്ല നടക്കുന്നത്. മതേതര പാര്‍ട്ടികള്‍ വരെ ഹിന്ദുത്വ ഭൂമികയില്‍ നിന്നുള്ള ചര്‍ച്ചകളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. രാജ്യത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന ബിജെപി വിഭാവനം ചെയ്യുന്ന വിദ്വേഷാധിഷ്ടിതമായ സാമൂഹിക വിഭജനത്തിന് ഇടതു- വലതു മുന്നണികള്‍ അവരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കുന്നത് മതേതര വിശ്വാസികളെ നിരാശരാക്കുന്നു. തൊഴിലില്ലായ്മ, ഭവന രഹിതരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ-ആതുര ചികില്‍സാ മേഖലകളില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ നേരിടുന്ന വിവേചനം തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ചയാവുന്നില്ല. ഇവിടെയാണ് പരമ്പരാഗത രാഷ്ട്രീയ മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അപചയം ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ ശക്തമായ മല്‍സരത്തിന് വേദിയൊരുക്കുന്നത്. അതേസമയം ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത ജനാധിപത്യ പോരാട്ടവും പാര്‍ട്ടി നടത്തും. സാധ്യമായ മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടി മല്‍സരിക്കുമെന്നും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി പി ആര്‍ സിയാദ് എന്നിവരും സംസാരിച്ചു.

 

സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും

1. അജ്മല്‍ ഇസ്മായീല്‍-വാമനപുരം

2.ഷറാഫത്ത് മല്ലം- ചടയമംഗലം

3. ജോണ്‍സണ്‍ കണ്ടച്ചിറ- ചവറ

4. അഡ്വ. സുമയ്യ നജീബ്- കരുനാഗപ്പള്ളി

5. അഷറഫ് ചുങ്കപ്പാറ- റാന്നി

6.എം എം താഹിര്‍- അമ്പലപ്പുഴ

7.അജ്മല്‍ കെ മുജീബ്- പെരുമ്പാവൂര്‍

8. കൃഷ്ണന്‍ എരഞ്ഞിക്കല്‍- കുന്നത്തുനാട്

9. വി എം ഫൈസല്‍- കളമശ്ശേരി

10.റഷീദ് എടയപ്പുറം- ആലുവ

11. വി എസ് അബൂബക്കര്‍- കുന്നംകുളം

12. ഫൈസല്‍ ഇബ്രാഹീം- മണലൂര്‍

13. എം കെ ഷമീര്‍- കൈപ്പമംഗലം

14. അഷറഫ് വടക്കൂട്ട്- ഗുരുവായൂര്‍

15. എസ്.പി അമീര്‍ അലി- പട്ടാമ്പി

16. അന്‍വര്‍ പയഞ്ഞി- പൊന്നാനി

17. ബാബുമണി കരുവാരക്കുണ്ട്- നിലമ്പൂര്‍

18. മുസ്തഫ പാലേരി- വടകര

19. നാസര്‍ പേരോട്- നാദാപുരം

20. വാഹിദ് ചെറുവാറ്റ- കുന്നമംഗലം

21. ഷംസുദ്ദീന്‍ മൗലവി- കണ്ണൂര്‍

22. ലിയാഖത്ത് അലി- തൃക്കരിപ്പൂര്‍