പി.വി.അൻവർ എത്തുമെന്ന് പറഞ്ഞത് വ്യാഴാഴ്ച; പ്രചരണത്തിന് തുടക്കമിട്ട് നിലമ്പൂരിലെ സിപിഎം പ്രവർത്തകർ

യു.ഡി.എഫ് പ്രവർത്തകർ പ്രചരണം ആരംഭിച്ചിട്ടില്ല. ഡി.സി.സി. പ്രസിഡൻ്റ് വി.വി പ്രകാശ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.

മലപ്പുറം; നിലമ്പൂരിൽ പി.വി.അൻവർ എത്തും മുൻപെ പ്രചരണത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് പ്രവർത്തകർ, നിലമ്പൂർ ചന്തക്കുന്ന് ജോയിന്റ് ആർ.ടി.ഒ ഓഫീസ് പരിസരം, നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപം ഉൾപ്പെടെ പത്തോളം പടുകൂറ്റൻ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നിലമ്പൂർ കാത്തിരിക്കുന്നു എന്ന തലക്കെട്ടിൽഅൻവർ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പടം ഉൾപ്പെടുത്തിയാണ് ബോർഡുകൾ.  നിലമ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 600 കോടിയുടെ വികസന പ്രവർത്തനങ്ങൾ പി.വി.അൻവർനടത്തിയെന്നു പറയുന്ന ബോർഡിൽ പ്രധാന വികസന പദ്ധതികളും അതിന്റെ ഫണ്ട് വിനിയോഗവും  ഉൾപ്പെടുത്തിയിട്ടുണ്ട്.

 

നിലമ്പൂരിൽ പി.വി.അൻവർ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയതോടെയാണ് പ്രവർത്തകർ പ്രചരണത്തിന് തുടക്കമിട്ടത്. ഈ മാസം’11-ന് ( വ്യാഴാഴ്ച) നാട്ടിലെത്തുമെന്ന് അൻവർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ആവേശത്തിലാണ് സിപിഎം പ്രവർത്തകർ.

കോൺഗ്രസ് സ്ഥാനാർഥി ആരാകുമെന്നതിൽ തീരുമാനം വൈകുന്നതിനാൽ യു.ഡി.എഫ് പ്രവർത്തകർ പ്രചരണം ആരംഭിച്ചിട്ടില്ല. ഡി.സി.സി. പ്രസിഡൻ്റ് വി.വി പ്രകാശ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.

കഴിഞ്ഞ മൂന്ന് മാസമായി വ്യാപാര ആവശ്യങ്ങൾക്കായി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ് പിവി അൻവർ. അൻവറിൻ്റെ അസാനിധ്യം കോൺഗ്രസ് പ്രചരണ വിഷയം ആക്കിയതോടെയാണ് അദേഹം ഫേസ്ബുക്ക് വീഡിയോ വഴി മറുപടി നൽകിയത്.

നിലമ്പൂരിൽ ആരാകും സ്ഥാനാർത്ഥി എന്നതിൽ ഏറെ ആശങ്ക നില നിന്നിരുന്നെങ്കിലും പിവി അൻവറിനെ തന്നെ സിപിഎം നിർദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നാട്ടിലെത്തുമെന്ന്  അൻവർ അറിയിച്ചത്. വ്യാഴാഴ്ച ആഘോഷപൂർവം അൻവറിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നിലമ്പൂരിലെ സിപിഎം പ്രവർത്തകർ. വ്യാഴാഴ്ച എത്തിയാലും ക്വാറന്റൈൻ ഉള്ളതിനാൽ എന്നു മുതലാകും അദ്ദേഹം പ്രചരണത്തിന് ഇറങ്ങുകയെന് പറയാനാകില്ല.

2016 ൽകോൺഗ്രസ് കുത്തകയായും പൊന്നപുരം കോട്ടയായും അറിയപ്പെട്ടിരുന്ന നിലമ്പൂർ മണ്ഡലം 11504 വോട്ടിന്റെ ഭൂരിപക്ഷത്തനാണ് അൻവർ പിടിച്ചെടുത്തത്.   1987 മുതൽ 2016 വരെ ആര്യാടൻ മുഹമ്മദ് കുത്തകയാക്കി വച്ചിരുന്ന സീറ്റാണ് മകൻ ആര്യാടൻ ഷൗക്കത്തിനെ കൈവിട്ടത്. ആര്യാടൻ കുടുംബ വാഴ്ചയ്ക്കെതിരായ മറുപടി കൂടിയായാണ് ഈ ജനവിധി വിലയിരുത്തപ്പെട്ടത്. അഞ്ച് വർഷങ്ങൾക്കിപ്പുറം പി വി അൻവർ നിലമ്പൂർ നഗരസഭ കൂടി ഇടത് പക്ഷത്തിൻ്റെ കയ്യിൽ എത്തിച്ചതിന്റെ ആത്മവിശ്വസത്തിലാണ് വീണ്ടും മത്സരത്തിനൊരുങ്ങുന്നത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് എൽഡിഎഫ് നേട്ടം ഉണ്ടാക്കിയെങ്കിലും നിയോജക മണ്ഡലത്തിലെ ആകെ വോട്ട് കണക്കിൽ യുഡിഎഫാണ് മുന്നിൽ. അഞ്ച് പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും വോട്ട് കണക്കിൽ 784 വോട്ടിനാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫിന് നഷ്ടമായെങ്കിലും വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് ആണ് ഭരിക്കുന്നത്.  ഇതിൽ വഴിക്കടവും, മൂത്തേടവും കരുളായിയും എൽഡിഎഫിൽ നിന്നും  പിടിച്ചെടുത്തതാണ്.  ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ചുങ്കത്തറ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് നേടിയത്. നിലമ്പൂർ നഗരസഭക്ക് പുറമെ പോത്തുകല്ല് പഞ്ചായത്ത് കൂടി പിടിച്ചെടുത്ത എൽഡിഎഫ് അമരമ്പലത്ത് ഭരണം നില നിർത്തി. ഈ കണക്കുകളെല്ലാം യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ്. മികച്ച സ്ഥാനാർഥി വരികയും യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്താൽ നിലമ്പൂർ തിരിച്ച് പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും യു.ഡി.എഫും.