കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുത്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് തങ്ങളുടെ വീട്ടില്‍.

സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് വിട്ടുനിന്നില്ലെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുന്ന നടപടിയിലേക്ക് കടക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. തിരൂരങ്ങാടിയില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയാണ് ലീഗില്‍ പ്രതിഷേധം ഉയരുന്നത്. കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലത്തിലെ 300 ലേറെ പ്രവര്‍ത്തകര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി. വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണ് മജീദെന്നും പി എം എ സലാമിന് സീറ്റ് നല്‍കണമെന്നുമാണ് പാണക്കാടെത്തിയ പ്രവര്‍ത്തകര്‍ പറയുന്നത്. മജീദ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് വിട്ടുനിന്നില്ലെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുന്ന നടപടിയിലേക്ക് കടക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കളോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തിരൂരങ്ങാടിയിലെ പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.

തിരൂരങ്ങാടിയില്‍ കെ പി എ മജീദ് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ലെന്നാണ് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. എതിര്‍പ്പറിയിച്ച് രംഗത്തെത്തിയതില്‍ മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കള്‍ കൂടിയാണ്. യൂത്ത് ലീഗ് നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. നാളെ വൈകുന്നേരം വരെ മാറ്റത്തിന് കാത്തിരിക്കും. ഹൈദരലി ശിഹാബ് തങ്ങളെയും മുസ്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് സെയ്ദ് സാദിഖലി ശിഹാബ് തങ്ങളെയും കണ്ടു. അദ്ദേഹത്തിനോടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ പി എ മജീദിനോട് വ്യക്തിപരമായി ഒരു വിദ്വേഷമോ എതിര്‍പ്പോ ഇല്ല. പക്ഷെ, ആര്‍ക്കും വേണ്ടാത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രകൃതത്തിന് പറ്റാത്ത ആളാണ് മജീദ്.

kpa-majeed

അതിനാല്‍, അദ്ദേഹം മല്‍സരിക്കേണ്ടെന്നാണ് തങ്ങളുടെ ആവശ്യം. തിരൂരങ്ങാടിക്കാരനായ പി എം എ സലാമിനെ തന്നെ നിര്‍ത്തണം. അത്തരത്തിലൊരു പ്രതീക്ഷ നേതൃത്വം തന്നിരുന്നതായും പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, കെ പി എ മജീദ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കുന്നത്. തിരൂരങ്ങാടി സ്ഥാനാര്‍ഥി പട്ടികയില്‍ തുടക്കം മുതല്‍ രണ്ടുപേരാണുണ്ടായിരുന്നത്. മുന്‍മന്ത്രിയും നിലവിലെ എംഎല്‍എയുമായ പി കെ അബ്ദുറബ്ബ്, ലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ പി എം എ സലാം.

എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കി. അതിനെതിരേ ഇന്നലെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. പി എം എ സലാമാണ് ഐഎന്‍എല്ലിന്റെ പ്രബലവിഭാഗത്തെ ലീഗില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചത്. ഇദ്ദേഹം മുമ്പ് കോഴിക്കോട് രണ്ടില്‍നിന്ന് ഐഎന്‍എല്‍ ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചതാണ്. ലീഗ് സിറ്റിങ് എംഎല്‍എ ടി പി എം സാഹിറിനെയാണ് തോല്‍പ്പിച്ചത്.