കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലും ധാരണയായി.

ആര്യാടന്‍ ഷൌക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി വി പ്രകാശ് നിലമ്പൂരിലും ജനവിധി തേടും.

കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലും ധാരണയായി. പി സി വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവിലും ടി സിദ്ദീഖ് കല്‍പ്പറ്റയിലും മത്സരിക്കും. കേരളത്തില്‍ രൂപപ്പെടുത്തിയ ധാരണ‌ ഹൈക്കമാന്‍റിന്‍റെ അംഗീകാരത്തോടെ നാളെ പ്രഖ്യാപിക്കും.

ആര്യാടന്‍ ഷൌക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി വി പ്രകാശ് നിലമ്പൂരിലും ജനവിധി തേടും. കുണ്ടറയില്‍ കല്ലട രമേശ് സ്ഥാനാര്‍ഥിയാകും. രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് മണ്ഡലങ്ങളില്‍ പരിഗണിച്ചിരുന്നവരുമായി ചര്‍ച്ച നടത്തിയത്.

ഹൈക്കമാന്‍റ് അനുമതി ലഭിച്ച ശേഷം നാളെ പ്രഖ്യാപനം നടത്തും. ഇതോടെ തവനൂരില്‍ പരിഗണിച്ചിരുന്ന ഫിറോസ് കുന്നംപറമ്പിലിനും വട്ടിയൂര്‍കാവില്‍ പരിഗണിച്ചിരുന്ന കെ പി അനില്‍കുമാറിനും സീറ്റ് ലഭിക്കില്ല.

കോണ്‍ഗ്രസ് മത്സരിക്കുന്ന 92 മണ്ഡലങ്ങളില്‍ 86 ഇടത്തെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. നേമത്ത് കെ മുരളീധരൻ എംപിയാണ് സ്ഥാനാര്‍ഥി. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹരിപ്പാടും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ്‌ നൽകിയപ്പോൾ മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ തഴഞ്ഞു. 55 ശതമാനം പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ പട്ടികയിൽ 9 വനിതകളേ ഉള്ളൂ.

കെ സി ജോസഫ് ഒഴികെ 20 സിറ്റിംഗ് എംഎൽഎമാരും മത്സര രംഗത്തുണ്ട്. ഉമ്മൻചാണ്ടിയുടെ കടുംപിടുത്തം കാരണം തൃപ്പൂണിത്തുറയിൽ കെ ബാബു വീണ്ടും എത്തി. തൃശൂരിൽ പദ്മജ വേണുഗോപാൽ, കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കൻ, ചാത്തന്നൂരിൽ പീതാംബാരക്കുറുപ്പ്, ആറന്മുളയിൽ ശിവദാസൻ എന്നിവർ മത്സരിക്കും. ഉദ്മയിൽ പെരിയ ബാലകൃഷ്ണനാണ് സ്ഥാനാർഥി.

25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്‍.