വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നു വിൽപ്പന സംഘത്തിലെ ഒരാളെ പിടികൂടി.
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ ഒരാളെ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. കൊണ്ടോട്ടി നയാ ബസാറിൽ വെച്ചാണ് എടവണ്ണ സ്വദേശി അറയിലകത്ത് റിഥാൻ ബാസിൽ (26) എന്ന റോംബൊയെ പിടികൂടിയത്. ഇയാളിൽനിന്ന് 15 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തു.
ഗോവ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിദ്യാർഥികളെ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്ന ലഹരി കടത്തു സംഘം ഗ്രാമിന് 3500 മുതൽ 5000 രൂപ വരേയാണ് പണം ഈടാക്കുന്നത്. രക്ഷപ്പെട്ട ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
കൊണ്ടോട്ടി ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്.ഐ വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ ആൻറി നർകോട്ടിക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഒ രാധാകൃഷ്ണൻ, എ.എസ്.ഐ മോഹൻദാസ്, രാജേഷ്, ശ്രീകാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.