ബാങ്ക് സ്വകാര്യവൽക്കരണവിരുദ്ധ പ്രക്ഷോഭം; ബാങ്ക് പണിമുടക്കം രണ്ടാം ദിവസവും പൂർണ്ണം
മലപ്പുറം :പൊതുമേഖലാ ബാങ്ക് വിൽപനക്കെതിരെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം രണ്ടാം ദിവസവും ബാങ്കിംഗ് മേഖല സ്തംഭിച്ചു.നവ സ്വകാര്യ ബാങ്കുകളൊഴികെ ബാങ്ക് ശാഖകളെല്ലാം അടഞ്ഞ് കിടന്നു.ശനി, ഞായർ ദിനങ്ങളിലെ ഒഴിവു ദിനങ്ങൾ ചേർന്നതോടെ ഫലത്തിൽ നാല് ദിവസത്തെ സേവനങ്ങളാണ് മുടങ്ങിയത്.
സ്വകാര്യ വ്യക്തിയുടെ കൈകളിൽ ബാങ്കുകളുടെ ഉടമസ്ഥത എത്തുന്നതോടെ സാധാരണക്കാരുടെ സമ്പാദ്യമായ പൊതുമേഖലാ ബാങ്കുകളിലെ 90 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കാണ് സുരക്ഷയില്ലാതാവുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഇന്ന് മലപ്പുറത്ത് പണിമുടക്കിയ ജീവനക്കാർ കോട്ടപ്പടി ടൗണിൽ പ്രകടനവും, ഗ്രാമീണ ബാങ്ക് ഹെഡാഫീസിന് മുമ്പിൽ ധർണ്ണയും നടത്തി.
ധർണ്ണ സിഐടിയു നേതാവ് എ കെ വേലായുധൻ ഉൽഘാടനം ചെയ്തു.
കെ പി എം ഹനീഫ അദ്ധ്യക്ഷനായി. ഐക്യവേദി ജില്ലാ കൺവീനർ എ അഹമ്മദ് വിശദീകരിച്ചു.
വിവിധ ഘടക സംഘടനാ നേതാക്കളായ ആർ വി രഞ്ജിത്, രാമപ്രസാദ്, വിശ്വനാഥൻ അരീക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
കെ എസ് രമേശ് സ്വാഗതവും എം രാഗേഷ് നന്ദിയും പറഞ്ഞു