വെന്റിലേറ്ററിലായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്; ഡോ തസ്ലീം റഹ്മാനി

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയാണ് ഇത്രയും ബില്ലുകള്‍ പാസ്സാക്കിയെടുത്തത്.തസ്ലീം റഹ്മാനി കൂട്ടിച്ചേര്‍ത്തു.

വേങ്ങര: വെന്റിലേറ്ററിലായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഡോ.തസ്ലീം റഹ്മാനി വേങ്ങരയില്‍ പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ മൂല്യങ്ങള്‍ക്ക് തെല്ലുംവില കല്‍പ്പിക്കാത്ത ഒരു വിഭാഗമാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പോലും കഴിയാത്തവിധം പ്രതിപക്ഷകക്ഷികള്‍ ദുര്‍ബലമാണ്. മുത്ത്വലാക്ക് ബില്ലും കാശ്മീര്‍ വിഭജനവും സി.എ.എയും പാസ്സാക്കിയത് പോലെ ഏകസിവില്‍കോഡും നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയാണ് ഇത്രയും ബില്ലുകള്‍ പാസ്സാക്കിയെടുത്തത്. ഭരണകൂടങ്ങളുടെ ന്യൂനപക്ഷ വിരുദ്ധനിലപാടുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ കര്‍ക്കശമായി നിലകൊണ്ടിരുന്ന മലപ്പുറത്തിന്റെ ശബ്ദം ഇന്ന് വെറുംകെട്ടുകാഴ്ചകളായി മാറിയിരിക്കുകയാണ്. പോരാട്ടവീര്യമുള്ള മലപ്പുറം ജനതയുടെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തിയാല്‍ ഭയപ്പെട്ട് ഒളിച്ചോടുന്നവനായി തന്നെ കാണേണ്ടി വരില്ല. രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര ശക്തികളെ ക്രിയാത്മകമായി പ്രതിരോധിക്കുകയാണ് ജനാധിപത്യം വീണ്ടെടുക്കാനുള്ള മാര്‍ഗമെന്നും തസ്ലീം റഹ്മാനി കൂട്ടിച്ചേര്‍ത്തു.

എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി എം ഷെരീഖാന്‍, കണ്‍വീനര്‍മാരായ മജീദ് ചുള്ളിയന്‍, എം ഖമറുദ്ദീന്‍, കെ എം മുസ്തഫ, ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍മാരായ കെ സി സലാം, ലത്തീഫ് അരീക്കോട് എന്നിവരും പങ്കെടുത്തു.