ബാങ്ക് സന്ദർശന സമയം ക്രമീകരിച്ചു
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ നിർദേശമനുസരിച്ച് സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
ഒന്നുമുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറുമുതൽ ഒമ്പതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് നാലുവരെ. (സാധാരണ ഭക്ഷണ ഇടവേള ബാധകം). രാവിലെ ബാങ്കിൽ എത്തിയിട്ടും ഇടപാട് നടത്താൻ അവസരം ലഭിക്കാത്തവർക്ക് ഉച്ചക്ക് 12.30 മുതൽ ഒന്നുവരെ അവസരം നൽകും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ ക്രമീകരണം തുടരും.
ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കാൻ എ.ടി.എം കാർഡ് ഉൾപ്പെടെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. പൊതുവായ അന്വേഷണങ്ങൾ, മുൻകൂട്ടി നിശ്ചയിച്ച സന്ദർശനങ്ങൾ എന്നിവക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണിൽ ബന്ധപ്പെടാം. ചില മേഖലകളിൽ ബാങ്ക് പ്രവർത്തന സമയത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത്തരം പ്രദേശങ്ങളിൽ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിൽ സമയക്രമീകരണത്തിൽ മാറ്റംവരും. അത്തരം പ്രദേശങ്ങളിലെ സമയക്രമം അതത് ബാങ്ക് ശാഖകളിൽ പ്രദർശിപ്പിക്കും.