Fincat

കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ നല്ലളത്ത് ആരംഭിച്ചു

കോഴിക്കോട്. ഇനി കോഴിക്കോടും ഇലക്ട്രിക് കാർ ചാർജ് ചെയ്യാം. കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ കോഴിക്കോട് നല്ലളത്ത് ആരംഭിച്ചു. നല്ലളം 220 കെ വി സബ്‌ സ്റ്റേഷനോട് അനുബന്ധിച്ചാണ് കെ എസ്‌ ഇ ബിയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന സജ്ജമായിരിക്കുന്നത്. പെരുമണ്ണ സ്വദേശിയായ പി ഡബ്ലിയു ഡി കോണ്‍ട്രാക്ടര്‍ എവര്‍ഷൈന്‍ ബില്‍ഡേര്‍സ് & കോണ്‍ട്രാക്ടേര്‍സ് അന്‍വര്‍ കെ ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്‌.

1 st paragraph

60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് സ്റ്റേഷനിലുള്ളത്. പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ സമയമേ ആവശ്യമുള്ളു. ഭാഗികമായോ, നിശ്ചിത തുകയ്ക്കോ ചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടെയും പ്ലഗ് പോയിൻ്റുകൾ ഇവിടെ ലഭ്യമാണ്. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല.

സംസ്ഥാനത്ത് ഉടനീളം ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ എസ് ഇ ബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ രേഖകൾക്ക് അനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

2nd paragraph

കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തും, സർക്കാരിൻ്റെയോ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജൻസികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ,ഇത്തരം ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്.

ഇതിൻ്റെ ആദ്യഘട്ടമായി 6 ജില്ലകളിൽ കെ.എസ്.ഇ.ബി.യുടെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ജോലി നടന്നു വരികയാണ്. ഇതിൽ ആദ്യത്തേത് തിരുവനന്തപുരം – നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്തും, രണ്ടാമത്തേത് കൊല്ലം ഓലൈയിലും, മൂന്നാമത്തേത് തൃശൂരിലെ വിയ്യൂരിലും, നാലാമത്തേത് എറണാകുളത്തെ പാലാരിവട്ടത്തും പ്രവർത്തന സജ്ജമായിരുന്നു.

കണ്ണൂരിലെ ചൊവ്വ സബ്‌സ്റ്റേഷനിൽ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ്റെ നിർമ്മാണപ്രവൃത്തികൾ പുരോഗമിക്കുന്നു.