നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു
വിനോദ സഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലീമും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്ട്ടിന് ലോവലും ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാലവര്‍ഷക്കെടുതിയില്‍ കനോലിപ്ലോട്ടിലെ ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരേ സമയം 50 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ജങ്കാറില്‍ ആദ്യഘട്ടത്തില്‍ ഒരു സര്‍വീസില്‍ 25 പേര്‍ക്ക് സഞ്ചരിക്കാം. യാത്രക്കാരുടെ സുരക്ഷയ്ക്കായി ജങ്കാറിന്റെ ഇരു വശത്തും റോപ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുറഞ്ഞ ചിലവില്‍ ജങ്കാര്‍ യാത്ര വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നോര്‍ത്ത് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍ പറഞ്ഞു. ജങ്കാര്‍ സര്‍വീസ് ഉള്‍പ്പെടെ 80 രൂപയാണ് ചാര്‍ജ്. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അരുമാ ജയകൃഷ്ണന്, നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് ജോസ് മാത്യു, എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ഇംപ്രോസ് ഏലിയാസ് നവാസ് തുടങ്ങിയവര്‍ ജങ്കാറിന്റെ ആദ്യ യാത്രയില്‍ പങ്കാളികളായി