സ്വര്‍ണ്ണക്കടത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘം അറസ്റ്റില്‍

വിദേശത്ത് നിന്നും എയര്‍പോര്‍ട്ട് വഴി നടത്തിയ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

മലപ്പുറം: വിമാനത്തവളം വഴി എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതായി ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മങ്കട കൂട്ടില്‍ സ്വദേശി നായകത്ത് ഷറഫുദ്ദീന്‍ (34), ആനക്കയം സ്വദേശി ചേലാതടത്തില്‍ അബ്ദുള്‍ ഇര്‍ഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹല്‍(26), കോട്ടക്കുത്ത് കിഴക്കേതില്‍ നിസാര്‍(32), മങ്കരത്തൊടി അബ്ദുള്‍ സത്താര്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെഎം ദേവസ്യ , മങ്കട ഇന്‍സ്‌പെക്ടര്‍ പ്രജീഷ് , എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. അതിരാവിലെ ടിപ്പര്‍ ലോറിയില്‍ ക്വാറിയിലേക്ക് പോകുന്ന വഴി മങ്കട വടക്കാങ്ങര റോഡില്‍ വച്ച് ഇന്നോവ കാര്‍ കുറുകെയിട്ട് ആറംഗസംഘം ബലമായി പിടിച്ചു കാറില്‍ കൊണ്ടുപോയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ രാത്രി 11 മണിയോടെ യുവാവിനെ വളാഞ്ചേരി ടൗണില്‍ ഇറക്കി വിടുകയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ യുവാവ് ക്വട്ടേഷന്‍ സംഘത്തിന്‍റെ വധ ഭീഷണിയെതുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിനോട് പറയാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി, മങ്കട ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദൃക്‌സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും ടൗണിലെയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനത്തെകുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖ്യ സൂത്രധാരനും മങ്കട സ്റ്റേഷന്‍ പരിധിയില്‍ നടന്ന സദാചാര കൊലപാതകക്കേസിലെ പ്രതിയുമായ ഷറഫുദ്ദീന്‍ അടക്കം അഞ്ചുപേരെ കുറിച്ച് സൂചന ലഭിക്കുകയും പ്രത്യേക അന്വേഷണ സംഘം അഞ്ച് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഒരാഴ്ച മുമ്പ് പദ്ധതിയിട്ട് യുവാവിനെ പിന്തുടര്‍ന്ന് നീരീക്ഷിച്ചു വരികയായിരുന്നുവെന്നും വിദേശത്ത് നിന്നും എയര്‍പോര്‍ട്ട് വഴി നടത്തിയ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി കെഎം ദേവസ്യ അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

ജില്ലാപോലീസ് മേധാവി എസ് സുജിത്ത്ദാസ് ഐപിഎസിന്‍റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെഎം ദേവസ്യ, മങ്കട ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ്, എസ്ഐ മാത്യു, എഎസ്ഐ ഷാഹുല്‍ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സിപി മുരളീധരന്‍, എന്‍ടി കൃഷ്ണകുമാര്‍, സഞ്ജീവ്, പ്രശാന്ത്, മനോജ്കുമാര്‍, മങ്കട സ്റ്റേഷനിലെ വിനോദ്, ബൈജുകുര്യാക്കോസ്, അബ്ദുള്‍ സലാം, ബിന്ദു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.