കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ സഹകരണം
കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മതസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.
പത്ത് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും പ്രാര്‍ഥനയ്ക്കായി പള്ളികളില്‍ എത്തേണ്ടതില്ല. പ്രാര്‍ഥനകളില്‍ പരമാവധി സാമൂഹിക അകലം പാലിക്കണം. മുസല്ല വീട്ടില്‍ നിന്ന് കൊണ്ടുവരണം. പള്ളികളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം പൂര്‍ണമായും ഒഴിവാക്കാമെന്നും അത്യാവശ്യമെങ്കില്‍ പാക്കറ്റുകളിലാക്കി വിതരണം ചെയ്യാമെന്നും യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ഥനകളിലും രാത്രി നമസ്‌കാരത്തിനും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. റമദാന്‍, വിഷു എന്നിവയുടെ പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് എ.ഡി.എം എം.സി റെജിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീനയും യോഗത്തില്‍ അഭ്യര്‍ഥിച്ചു.