വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ചു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ച് സിപിഎമ്മും സർക്കാരും ഒരിക്കൽ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാൻ എന്തൊരു ഉത്സാഹമായിരുന്നു സർക്കാരിന്. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ ജനങ്ങൾ വേണ്ടാതായി. സംസ്ഥാനത്ത് 85 ലക്ഷം കാർഡുടമകൾക്ക് വിഷുക്കിറ്റ് നൽകണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേർക്ക് മാത്രമേ നൽകിയിട്ടുള്ളൂ.

 

കിറ്റിന്റെ വിതരണം ഇപ്പോൾ പൂർണ്ണമായും നിർത്തി വച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കൽ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഏപ്രിൽ 14 ആണ് വിഷു എങ്കിലും ഏപ്രിലിന് മുൻപ് തന്നെ കിറ്റ് വിതരണം ചെയ്യാൻ തിടുക്കം കാട്ടിയവരാണിവർ. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ അവർക്ക് ആവശ്യമില്ലല്ലോ? വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സർക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.