വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
ന്യൂഡൽഹി: 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവർക്കും വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പട്ടിരുന്നു.
സർക്കാറിന് കീഴിലെ കോവിഡ് സെന്ററുകളിൽ വാക്സിനേഷൻ സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോവിന് ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ട വിധമാണ് ചുവടെ വിവരിക്കുന്നത്.
കോവിൻ ഔദ്യോഗിക വെബ് സൈറ്റായ https://www.cowin.gov.in/home സന്ദർശിക്കുക
നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകുക
മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്ഥലത്ത് പൂരിപ്പിക്കുക
രജിസ്ട്രേഷൻ പൂർത്തിയായാൽ വാക്സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക
കോവിഡ് വാക്സിൻ സ്വീകരിക്കുക
ഇതിന് ശേഷം ലഭിക്കുന്ന റഫറൻസ് ഐ.ഡി വെച്ച് നിങ്ങൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
വാക്സിനേഷൻ മൂന്നാം ഘട്ടത്തിനാവശ്യമായ രേഖകൾ:
വാക്സിനേഷനായി രജിസ്റ്റർചെയ്യുന്ന വേളയിൽ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ വേണം.
ആധാർ കാർഡ്
പാൻ കാർഡ്
വോട്ടർ ഐ.ഡി
ഡ്രൈവിങ് ലൈസൻസ്
പാസ്പോർട്ട്
തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷൂറൻസ് സ്മാർട്ട് കാർഡ്
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്
എം.പി/എം.എൽ.എ/എം.എൽ.സി എന്നിവർക്ക് അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ രേഖ
ബാങ്ക്/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്
പെൻഷൻ രേഖ
കേന്ദ്ര/സംസ്ഥാന സർക്കാറുകളോ പെതുമേഖലാ സ്ഥാപനങ്ങളോ ജീവനക്കാർക്ക് അനുവദിക്കുന്ന സർവിസ് ഐ.ഡി കാർഡ്
മരുന്ന് നിർമാതാക്കളിൽ നിന്ന് കോവിഡ് വാക്സിൻ നേരിട്ട് വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ നിയന്ത്രണങ്ങൾ വാക്സിൻ ക്ഷാമത്തിന് ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടർന്നാണ് നയമാറ്റം.
കേന്ദ്രസർക്കാറാണ് വിവിധ സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ ക്വോട്ട നിശ്ചയിച്ചു നൽകിപ്പോന്നത്. ഇനി സംസ്ഥാനങ്ങൾക്ക് നേരിട്ട് നിർമാതാക്കളെ സമീപിക്കാം.
കമ്പനികളുടെ പക്കൽ വിതരണം ചെയ്യാനുള്ളതിന്റെ പകുതി ഇങ്ങനെ സംസ്ഥാനങ്ങൾക്കും തുറന്ന വിപണിയിലുമായി നൽകാം. വില മുൻകൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്.
കേന്ദ്ര സർക്കാറിന്റെ വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രതിരോധ പ്രവർത്തകർ, 45 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് കുത്തിവെപ്പ് സൗജന്യമായിരിക്കും.