വൈദ്യുതി ബില്‍ കുടിശ്ശിക കണക്ഷന്‍ വിച്ഛേദിക്കാനൊരുങ്ങി വൈദ്യുതി വകുപ്പ്
തിരൂരങ്ങാടി:കെ.എസ്. ഇ. ബി. ലിമിറ്റഡിന്റെ പ്രതിമാസ / ദ്വൈമാസ റീഡിങ് രീതി പ്രകാരം നൽകുന്ന ബില്ലുകൾ അനുസരിച്ചുള്ള തുക ബിൽ തീയതി മുതൽ 25 ദിവസത്തിനകം അടവാക്കാത്ത പക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വൈദ്യുതി നിയമം 2003 , വകുപ്പ് 56 പ്രകാരം വ്യവസ്ഥ ചെയ്യപ്പെടുന്നു. കോവിഡ് മഹാമാരി മൂലം നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം റീഡിങ് എടുക്കാൻ കഴിയാതെ വന്ന 2020 മാർച്ച് 20 മുതൽ ഏപ്രിൽ 19 വരെയുള്ള കാലയളവിനുശേഷം ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ബില്ലുകളിൽ പ്രസ്തുത ലോക്ഡൗൺ കാലയളവിൽ വന്ന അധിക ഉപഭോഗം കൂടി രേഖപ്പെടുത്തിയാണ് ബിൽ നൽകിയത് . വലിയ തുക ഒന്നിച്ച് അടക്കേണ്ടി വന്നപ്പോൾ ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കോവിഡ് കാല അധിക ഉപഭോഗത്തിന് സബ്സിഡി നൽകുകയും ഈ കാലയളവിലെ ബില്ലുകളുടെ പണം അടയ്ക്കുവാൻ 2020 ഡിസംബർ 31 വരെ അനുവദിക്കുകയും ചെയ്തു.
എന്നാൽ ചില ഉപഭോക്താക്കൾ ഇളവുകളില്ലാത്ത 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള കാലയളവിന് മുമ്പും അതിനുശേഷവും ലഭിച്ച ബില്ലുകളുടെ പണം കൂടി അടയ്ക്കാതിരുന്ന സ്ഥിതി വിശേഷമുണ്ടായി . യഥാർത്ഥത്തിൽ ഈ കാലയളവിൽ ലഭിച്ച ബില്ലുകൾക്ക് മാത്രമേ ഇളവുകളും, വൈദ്യുതി വിച്ഛേദിക്കാതിരിക്കലും ബാധകമാകുന്നുള്ളൂ. ഇത്തരത്തിൽ ഇളവുകളില്ലാത്ത കാലയളവിലെ വൈദ്യുതി ബില്ലുകൾ കൂടി ഉപഭോക്താക്കൾ അടയ്ക്കാതിരുന്നത് മൂലം കുടിശ്ശികയിനത്തിൽ ഭീമമായ സംഖ്യയാണ് വൈദ്യുതി വകുപ്പിന് പിരിച്ചെടുക്കുവാനുള്ളത് .
ഇതുമൂലം കെ.എസ്. ഇ. ബി. ലിമിറ്റഡ് ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് .
ഈ സാഹചര്യത്തിൽ മേൽസൂചിപ്പിച്ച 20-04-2020 മുതൽ 19-06- 2020 വരെയുള്ള കാലയളവിൽ നൽകിയ ബില്ലുകൾ ഒഴികെയുള്ള വൈദ്യുതി ബില്ലുകൾ ഡിസ്ക്കണക്ഷന്‍ തീയ്യതിക്കുള്ളില്‍ അടക്കാതെ കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ അത്തരം ഉപഭോക്താക്കളുടെ വൈദ്യുതിബന്ധം ഇലക്ട്രിസിറ്റി ആക്ട് 2003 , സെക്ഷൻ 56 , കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 , റഗുലേഷന്‍ 138 1(a) എന്നിവ പ്രകാരം ഡിസ്ക്കണക്ഷന്‍ നോട്ടീസ് നല്‍കി വിച്ഛേദിക്കുന്നതാണെന്ന് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു .