മലപ്പുറം സ്വദേശി ജിസാനിൽ കോവിഡ് ബാധിച്ച് മരിച്ചു.

ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ കോവിഡ് ബാധിച്ച് മരിച്ചു. കടുങ്ങപുരം സ്വദേശി ആലുങ്ങൽ ഹുസൈൻ (43) ആണ് മരിച്ചത്. ആറ് മാസത്തെ അവധി കഴിഞ്ഞു നേപ്പാൾ വഴി നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്. അവിടെ നിന്നും ബസിൽ ജിസാനിലേക്കുള്ള യാത്രയിൽ ഇദ്ദേഹത്തിന് അസ്വസ്ഥതകൾ തുടങ്ങിയിരുന്നു.

ജിസാനിൽ എത്തിയ ഉടൻ കനത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ബൈഷിൽ ഒരു ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ചികിത്സയിൽ പ്രകടമായ മാറ്റം ഉണ്ടായിരുന്നു.

 

അതിനിടക്ക് വ്യാഴാഴ്ച കാലത്ത് വീണ്ടും അസുഖം മൂർച്ചിക്കുകയും മരിക്കുകയുമായിരുന്നു. ജിസാൻ എക്കണോമിക്ക് സിറ്റിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ആലുങ്ങൽ അസീസ് ഹാജി, മാതാവ്: ആയിശ കുന്നത്ത് പറമ്പ്, ഭാര്യ: നാസിബ, മക്കൾ: ആയിശ സന (15), ഹുസ്ന (10), മുഹമ്മദ് ഷാദി (5), സഹോദരങ്ങൾ: അശ്റഫ് (ജുബൈൽ), കുഞ്ഞിമുഹമ്മദ് (ദുബൈ), ശിഹാബ് ( മക്ക), സൈനബ് തിരൂർക്കാട്, ഉമ്മുൽ ഖൈറ് തലാപ്പ്, ബുഷ്റ കട്ടിലശ്ശേരി, സഫിയ മലപ്പുറം.

 

മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികൾക്കൊപ്പം ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ, സഹപ്രവർത്തകരായ ഉണ്ണിക്കുട്ടൻ, പ്രണവ് എന്നിവർ രംഗത്തുണ്ട്.