പുറത്തൂരിൽ കോവിഡ് കൊറന്റൈൻ കേന്ദ്രം ഒരുക്കാൻ പ്രവാസി കൂട്ടായ്മയുടെ കൈതാങ്ങ്.
തിരൂർ:പുറത്തൂരിൽ കോവിഡ് രോഗികൾക്കുള്ള കൊറന്റൈൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് പ്രവാസി കൂട്ടായ്മയും രംഗത്ത്. യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി )യാണ്
പുറത്തൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പുറത്തൂർ ഗവ.യു.പി സ്‌കൂളിലും പടിഞ്ഞാറേക്കരയിലും തുടങ്ങുന്ന ഡോമിസിലറി കോവിഡ് സെന്ററി (ഡി.സി.സി) ലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് പങ്കാളികളായത്.
40 കിടക്കകൾ, തലയിണകൾ, 20 പൾസ് ഓക്സിമീറ്ററുകൾ, ആവശ്യമായത്ര മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ആദ്യഘട്ടമെന്നോണമാണ് അത്യാവശ്യ സാധനങ്ങൾ എത്തിച്ചത്. ആവശ്യമെങ്കിൽ പ്രദേശത്തെ മറ്റു കേന്ദ്രങ്ങളിലേക്ക് കൂടി സഹായം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
നാൽപത് വർഷത്തിലധികമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി പുറത്തൂർ, മംഗലം പഞ്ചായത്തുകൾ ഉൾപ്പെടുന്ന മുട്ടനൂർ മഹല്ലിലെ ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലും സജീവമായി ഇടപെടുന്നുണ്ട്. മുന്നൂറോളം അംഗങ്ങളുണ്ട്.
കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ യു.എ.ഇ യിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ
സ്വന്തമായൊരു വിമാനം ചാർട്ട് ചെയ്ത
കേരളത്തിലെ ആദ്യ ഗൾഫ് മഹല്ല് കൂട്ടായ്മ കൂടിയാണ് എം.എം.ജെ.സി.
പുറത്തൂർ, മംഗലം, വെട്ടം, തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിലെയും തിരൂർ, പൊന്നാനി താലൂക്കുകളിലെയും നിരവധി പേർക്ക് അന്ന് നാട്ടിലെത്താൻ കഴിഞ്ഞത് ആശ്വാസമായിരുന്നു.
പുറത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ സാധനങ്ങൾ ഏറ്റുവാങ്ങി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഉമ്മർ,എം.എം.ജെ.സി എക്സിക്യുട്ടീവ് അംഗങ്ങളായ ഉണ്ണി പോണ്ടത്ത്, അൻവർ കക്കിടി,വാഹിദ് കെ.പി, പി. ഇസ്മായിൽ മാസ്റ്റർ, ഹുസൈൻ പൂതേരി, പഞ്ചായത്ത് ജീവനക്കരായ ആൻഡ്രോസ് ,റീന തുടങ്ങിയവർ സംബന്ധിച്ചു.