മരണത്തെ പോലും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്ന യൂത്ത് ലീഗ് പ്രസ്താവന അപലപനീയം : സിപിഐഎം

തിരൂർ: വെട്ടം പഞ്ചായത്തിലെ കോവിഡ് പ്രതിരോധം തികച്ചും കാര്യക്ഷമമായി മുന്നോട്ട് പോകുന്ന അവസരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലും, ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലും ഉള്ള യൂത്ത് ലീഗ് പ്രസ്താവന അപലപനീയമാണ്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിലെ വീടുകളിൽ ക്വോറന്റൈൻ സൗകര്യം ഇല്ലാത്തവർക്ക് പഞ്ചായത്ത് തലത്തിൽ ഡൊമിസിലിയറി കെയർ സെന്റർ (ഡിസിസി സെന്റർ) തുടങ്ങാൻ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ട ഉടനെ തന്നെ ഡിസിസി സെന്റർ പ്രവർത്തനം ആരംഭിച്ച പഞ്ചായത്താണ് വെട്ടം പഞ്ചായത്ത്. സംസ്ഥാനത്ത് പല പഞ്ചായത്തിലും ഡിസിസി സെന്റർ പ്രവർത്തനം ആരംഭിക്കാത്തതിനെപ്പറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

അതിലൊന്നും വെട്ടം പഞ്ചായത്തിന്റെ പേര് ഇല്ല എന്ന വസ്തുതയും ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. നിലവിൽ പറവണ്ണ സലഫി സ്കൂൾ ഡിസിസി സെന്റർ ആയി പ്രവത്തിച്ചു വരുകയാണ്. കിടത്തിച്ചികിത്സ ആവശ്യമുളളവർക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെട്ടം സിഎച്ച്എസിയിൽ കിടത്തിച്ചികിത്സക്കുളള സൗകര്യവും പഞ്ചായത്തിനകത്ത് തന്നെ ലഭ്യമാണ്.

ഇടതുപക്ഷത്തിന്റെ സജീവ പ്രവർത്തകനായ പത്താം വാർഡിൽ താമസിക്കുന്ന സഖാവ് അനിൽ മരണപെട്ട സംഭവം തികച്ചും ദൗർഭാഗ്യകരവും ഇടതുപക്ഷ പ്രവർത്തകരെ ഒന്നടങ്കം വേദനപ്പിച്ചതുമാണ്. ഡിസിസി സെന്ററിലേക്ക് മാറണമെന്ന് മുസ്ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പറായ പത്താം വാർഡ് മെമ്പറോട് ഉൾപടെ ഒരാളോടും ആവശ്യപ്പെട്ടിട്ടുമില്ല എന്നതാണ് വസ്തുത. പഞ്ചായത്തിന്റെ ഡിസിസി സെന്ററിൽ ആവശ്യത്തിൽ കൂടുതൽ സൗകര്യം ഉണ്ടെന്ന് മാത്രമല്ല ഡിസിസി സെന്റർ ഇല്ലെന്ന രീതിയിൽ ഉള്ള മുസ്ലിം ലീഗിന്റെ വ്യാജ സോഷ്യൽ മീഡിയ പ്രചരണത്തിന് എതിരെ പഞ്ചായത്തിന്റെ ഡിസിസി സെന്ററിൽ താമസിക്കുന്ന രോഗികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നതാണ്.

ദൗർഭാഗ്യകരമായ മരണത്തെ പോലും രാഷ്ട്രീയവൽക്കരിക്കുകയാണ് മുസ്ലിം ലീഗ് ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പതിമൂന്നാം വാർഡിൽ ഇതരസംസ്ഥാനത്ത് നിന്നും വന്ന ഒരാൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മുസ്ലിം ലീഗ് നേതാവായ മുൻ വാർഡ് മെമ്പർ സിഎംടി ബാവയോട് ക്വാറന്റെൻ സൗകര്യം ആവശ്യപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയും പോലീസുകാർ ഉൾപടെ ക്വാറന്റെനിൽ പോകേണ്ടി വരുകയും ചെയ്ത സംഭവം ഓർമ്മ കാണും. ഇതിൽ ബാവക്കെതിരെ പോലീസ് കേസും നിലവിലുണ്ട്. അത്തരം സാഹചര്യങ്ങളൊന്നും തന്നെ ഇന്ന് പഞ്ചായത്തിൽ ഇല്ല എന്ന് മുസ്ലിം ലീഗുകാർ ഓർക്കുന്നത് നല്ലതാണ്.

മഹാമാരിക്കെതിരെ നാട് ഒന്നാകെ ഒന്നിച്ചു നിൽക്കേണ്ട സമയത്ത് കോവിഡ് പ്രതിരോധപ്രവർത്തകരുടെ മനോബലം കളയുന്ന രീതിയിൽ സോഷ്യൽ മീഡിയിയിൽ ഉൾപ്പെടെ നടത്തുന്ന പ്രചരണത്തിൽ നിന്നും ലീഗ് പിൻമാറണം എന്ന് സിപിഐഎം വെട്ടം ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.